യുഎഇ നിയമപ്രകാരം സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞാൽ വ്യക്തി രാജ്യം വിടേണ്ടത് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. 2021ലെ 29ാം നമ്പർ ഫെഡറൽ നിയമ ഉത്തരവിലെ ആർട്ടിക്കൾ 5 (5) അനുസരിച്ച്, നിയമപരമായ റെസിഡൻസി പെർമിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ വിസ കാലാവധി അവസാനിച്ച ഉടൻ തന്നെ രാജ്യം വിടേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യുന്നു. സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞും യുഎഇയിൽ തുടരുന്നത് നിയമലംഘനമായി കണക്കാക്കപ്പെടും. ഇത്തരക്കാർക്കെതിരെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ഭരണപരമായ പിഴ ചുമത്തും. 2022ലെ 65ാം നമ്പർ കാബിനറ്റ് പ്രമേയം അനുസരിച്ച്, നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന ഓരോ ദിവസത്തിനും പരമാവധി 100 യുഎഇ ദിർഹം വരെ പിഴ ഈടാക്കാമെന്ന് അധികൃതർ അറിയിച്ചു. വിസ കാലാവധി കഴിഞ്ഞതിന്റെ അടുത്ത ദിവസം മുതൽ പിഴ കണക്കാക്കിത്തുടങ്ങും. അതേസമയം, ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ടെങ്കിലും തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള വീഴ്ച കാരണം എംപ്ലോയ്മെന്റ് വിസ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, ബന്ധപ്പെട്ട ജിഡിആർഎഫ്എ (GDRFA) അല്ലെങ്കിൽ ഐസിപി (ICP) ഓഫീസുകളെ നേരിട്ട് സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഓഫർ ലെറ്റർ, തൊഴിൽ സംബന്ധമായ മറ്റ് രേഖകൾ, വിസ നടപടികൾക്കായി നടത്തിയ ശ്രമങ്ങളുടെ തെളിവുകൾ എന്നിവ ഹാജരാക്കണം.
രാജ്യത്ത് തുടരുന്നത് മനഃപൂർവമല്ലെന്നും, തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവാണെന്നും അധികൃതരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ, ചുമത്തിയ പിഴ കുറയ്ക്കാനോ പൂർണമായി ഒഴിവാക്കാനോ അധികാരികൾക്ക് അധികാരമുണ്ടെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, തൊഴിലുടമ വിസ നടപടികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലും സന്ദർശക വിസയുടെ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിടുക എന്നത് സന്ദർശകന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ
ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply