വാടക കുതിക്കുന്നു! വാടക കഴിഞ്ഞാൽ പിന്നെ ഒന്നുമില്ല ബാക്കി; വീട്ടിൽ വൈദ്യുതി മുറിച്ച് കുടിയൊഴിപ്പിക്കൽ; പ്രവാസികളുടെ ജീവിതം പ്രതിസന്ധിയിൽ…

യുഎഇയിൽ വില്ലകളുടെ വാടക ഒറ്റയടിക്ക് ഇരട്ടിയിലേറെ വർധിപ്പിക്കാൻ കെട്ടിടം നടത്തിപ്പുകാർ പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുന്നതായി പരാതി. നിലവിലെ താമസക്കാരെ വിവിധ മാർഗങ്ങളിലൂടെ ഒഴിപ്പിച്ച ശേഷം വില്ലകൾ ഉയർന്ന വാടകയ്ക്ക് പുതുതായി നൽകുന്നതാണ് പതിവാകുന്നത്. ഇതോടെ വരുമാനത്തിന്റെ വലിയൊരു പങ്ക് വാടകയ്ക്ക് ചെലവഴിക്കേണ്ട അവസ്ഥയിലാണ് നിരവധി പ്രവാസി കുടുംബങ്ങൾ. നിലവിലെ താമസക്കാർക്ക് കുറച്ചുദിവസത്തിനകം മറ്റൊരു വീട് കണ്ടെത്തി മാറുന്നത് ഏറെ ബുദ്ധിമുട്ടാണ്. അതേസമയം, പുതിയതായി വീടന്വേഷിക്കുന്നവർക്ക് അമിതവാടകയാണ് നേരിടേണ്ടിവരുന്നത്. കയ്യിൽ ഒതുങ്ങുന്ന വാടകസ്ഥലം കണ്ടെത്താനാകാതെ കുടുംബങ്ങൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ്.

നിയമം ചൂണ്ടിക്കാട്ടി കുടിയൊഴിപ്പിക്കൽ

യുഎഇയിൽ ഒരു വില്ലയിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കാൻ പാടില്ലെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിക്കൽ നടക്കുന്നത്. പരാതിപ്പെടാൻ മടിക്കുന്ന സാഹചര്യം മുതലെടുത്ത് നടത്തിപ്പുകാർ നടപടി തുടരുകയാണെന്ന് താമസക്കാർ പറയുന്നു. വാടക താങ്ങാനാവാത്തതിനാൽ വർഷങ്ങളായി ഒരുമിച്ച് താമസിക്കുന്ന കുടുംബങ്ങൾ ഇപ്പോൾ നിർബന്ധിതമായി മാറേണ്ടിവരുന്നു. സ്വദേശികളുടെ വില്ലകൾ മുഴുവൻ വാടകയ്ക്കെടുക്കുന്ന ഇടനിലക്കാർ ഓരോ മുറിയും വ്യത്യസ്ത കുടുംബങ്ങൾക്ക് വാടകയ്ക്കു നൽകുന്ന രീതിയിൽ ഭേദഗതി നടത്തുന്നതായും ആരോപണമുണ്ട്. ഇതിന് താൽക്കാലിക കരാറുകൾ നൽകിയാലും നിയമപരമായ സാധുതയില്ലെന്ന് താമസക്കാർ ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി വിഛേദിച്ച് സമ്മർദ്ദം

ബലദിയ ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചതായും മൂന്ന് ദിവസത്തിനകം ഒഴിയണമെന്ന് അറിയിച്ചതായും താമസക്കാർ പറയുന്നു. ചില ഇടങ്ങളിൽ നടത്തിപ്പുകാർ തന്നെ മണിക്കൂറുകളോളം വൈദ്യുതി വിഛേദിച്ച് സമ്മർദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. കുടിയൊഴിപ്പിച്ച ശേഷം അറ്റകുറ്റപ്പണികളും പെയിന്റിംഗും നടത്തി വില്ലകൾ ഉയർന്ന വാടകയ്ക്ക് പുതുതായി നൽകുന്നതാണ് രീതി.

ഫ്ലാറ്റ് വാടകയും കുതിക്കുന്നു

വില്ല പ്രശ്നം ഒഴിവാക്കാൻ ഫ്ലാറ്റിലേക്ക് മാറാൻ ശ്രമിക്കുന്നവർക്കും ആശ്വാസമില്ല. മുസഫ ഷാബിയ 9ൽ ടു ബെഡ്‌റൂം ഫ്ലാറ്റിന് 90,000 ദിർഹം വരെ വാടക ആവശ്യപ്പെടുന്നുണ്ട്. നേരത്തെ 55,000 ദിർഹത്തിന് ലഭിച്ചിരുന്ന ഫ്ലാറ്റുകളാണ് ഇത്രയധികം ഉയർന്നത്. സ്റ്റുഡിയോ ആയി നൽകിയിരുന്ന വലിയ മുറികൾ വൺ ബെഡ്‌റൂമാക്കി മാറ്റി വാടക കൂട്ടിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അബുദാബിയിൽ ഇത്തിഹാദ് പാസഞ്ചർ റെയിൽ ഈ വർഷം ആരംഭിക്കാനിരിക്കെ, മുസഫ ഷാബിയ മേഖലയിൽ ബഹുനില കെട്ടിടങ്ങളുടെ വാടക കുത്തനെ ഉയർന്നിട്ടുണ്ട്. നിലവിൽ വൺ ബെഡ്‌റൂമിന് 55,000 ദിർഹവും, രണ്ട് കിടപ്പുമുറി ഫ്ലാറ്റിന് 90,000 ദിർഹം വരെയും ആവശ്യപ്പെടുന്നതായി താമസക്കാർ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *