സൈബർ തട്ടിപ്പ് വർധിക്കുന്നു; അക്കൗണ്ട് സുരക്ഷിതമാക്കാൻ പാസ്‌വേഡുകൾ ഇനി കൂടുതൽ ശക്തമാക്കൂ!

ഡിജിറ്റൽ കുറ്റവാളികളിൽ നിന്ന് രക്ഷപ്പെടാൻ സൈബർ ഇടങ്ങളിൽ ശക്തമായ പാസ്‌വേഡുകൾ നിർബന്ധമായി ഉപയോഗിക്കണമെന്ന് ആർഎകെ പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ ഭീഷണികൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. ഡിജിറ്റൽ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യ പ്രതിരോധമാണ് ശക്തമായ പാസ്‌വേഡുകളെന്ന് പൊലീസ് വ്യക്തമാക്കി. ഓൺലൈൻ അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിനും ഡാറ്റ ചോർച്ച തടയുന്നതിനും പാസ്‌വേഡുകളുടെ ശക്തി നിർണായകമാണ്. പാസ്‌വേഡിന്റെ ദൈർഘ്യവും സങ്കീർണതയുമാണ് അതിന്റെ സുരക്ഷ നിർണ്ണയിക്കുന്നത്. കുറഞ്ഞത് 12 അക്ഷരങ്ങൾ ഉൾപ്പെടുന്ന, വലിയ അക്ഷരങ്ങൾ, ചെറിയ അക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ എന്നിവ സംയോജിപ്പിച്ച പാസ്‌വേഡുകൾ ഉപയോഗിക്കണമെന്നാണ് ശുപാർശ. ഇത്തരത്തിലുള്ള പാസ്‌വേഡുകൾ ‘ബ്രൂട്ട്-ഫോഴ്‌സ്’ ഹാക്കിങ് ശ്രമങ്ങളെ മന്ദഗതിയിലാക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പാസ്‌വേഡുകളും ലോഗിൻ വിവരങ്ങളും കർശനമായി സ്വകാര്യമായി സൂക്ഷിക്കണം. സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ പോലും സന്ദേശങ്ങളിലൂടെയോ ഇ-മെയിലുകളിലൂടെയോ ലോഗിൻ വിവരങ്ങൾ പങ്കുവെക്കരുതെന്നും ആർഎകെ പൊലീസ് നിർദേശിച്ചു. വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രമേ അവയിൽ പ്രവേശിക്കാവൂ. വെബ് വിലാസങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് സുരക്ഷാ സൂചനകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നത് സൈബർ തട്ടിപ്പുകൾ തടയാൻ സഹായകരമാകും.

ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ഒരേ പാസ്‌വേഡ് ആവർത്തിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ, അതേ വിവരങ്ങൾ ഉപയോഗിച്ച് ഇ-മെയിൽ, ബാങ്കിംഗ്, സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കും കടന്നുകയറാൻ കുറ്റവാളികൾ ശ്രമിക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിശ്വാസനീയമായ പാസ്‌വേഡ് മാനേജർ ആപ്പുകൾ ഉപയോഗിക്കുന്നത് സുരക്ഷിത പാസ്‌വേഡുകൾ സൃഷ്ടിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുമെന്നും ആർഎകെ പൊലീസ് അറിയിച്ചു. ശക്തമായ പാസ്‌വേഡുകളും ഓൺലൈൻ ജാഗ്രതയും തന്നെയാണ് ഡിജിറ്റൽ സുരക്ഷയുടെ അടിസ്ഥാനമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *