റമദാൻ മാസത്തിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്തയുമായി യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും. ആഗോളതലത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുന്ന സാഹചര്യത്തിലായിരുന്നാലും, റമദാൻ കാലയളവിൽ വില ഉയർത്തില്ലെന്നും അവശ്യസാധനങ്ങൾക്ക് വൻതോതിൽ ഇളവുകൾ നൽകുമെന്നും വ്യാപാരികൾ അറിയിച്ചു.
ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ വിലയിരുത്തലനുസരിച്ച് ഫെബ്രുവരി 19-ന് റമദാൻ ആരംഭിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി അരി, പഞ്ചസാര, ഭക്ഷ്യഎണ്ണ എന്നിവ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില സ്ഥിരമായി നിലനിർത്താൻ പ്രമുഖ ബ്രാൻഡുകൾ തീരുമാനിച്ചിട്ടുണ്ട്. റമദാനോടനുബന്ധിച്ച് ഭക്ഷണവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുന്ന പ്രത്യേക പാക്കേജുകളും ആകർഷകമായ ഡിസ്കൗണ്ടുകളും വിപണിയിൽ എത്തും.
വിലക്കയറ്റം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ മാസങ്ങൾക്ക് മുൻപേ തന്നെ വിതരണക്കാരുമായി കരാറുകളിൽ ഏർപ്പെട്ടതായി ലുലു ഗ്രൂപ്പ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ വ്യക്തമാക്കി. റമദാനിൽ ആവശ്യകത വർധിക്കുമെങ്കിലും ലാഭത്തിനപ്പുറം ഉപഭോക്താക്കളുടെ സൗകര്യമാണ് മുൻഗണനയെന്ന് ലുലു ഗ്രൂപ്പ് സിഇഒ മുസാബ് അബൗദ് പറഞ്ഞു. ആഗോള വിതരണക്കാരുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുന്നതായി ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എയും അറിയിച്ചു.
ഓൺലൈൻ പ്ലാറ്റ്ഫോമായ ‘നൂൺ’ റമദാൻ ഓഫറുകളുടെ ഭാഗമായി 70 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ‘നൂൺ മിനിറ്റ്സ്’ വഴി 1 ദിർഹം മുതൽ അവശ്യസാധനങ്ങൾ ലഭ്യമാകുമെന്നും 15 മിനിറ്റിനുള്ളിൽ ഡെലിവറി ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. 2026-ൽ ഇത് 1.8 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ഊർജ്ജവും താമസവുമുള്പ്പെടെയുള്ള മേഖലകളിലെ സ്ഥിരതയും ഇറക്കുമതിയിലെ വൈവിധ്യവുമാണ് ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുന്നത് തടയാൻ സഹായിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ
യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.
കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply