വീടിനുള്ളിലെ ജനറേറ്റർ ഉപയോഗം ‘കൊലയാളി’യായേക്കാം; കർശന മുന്നറിയിപ്പുമായി യുഎഇ പോലീസ്

അജ്മാൻ: വീടുകളിൽ ജനറേറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അജ്മാൻ പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ജനറേറ്ററുകൾ വീടിനുള്ളിലോ വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിലോ പ്രവർത്തിപ്പിക്കുന്നത് വൻ സുരക്ഷാ ഭീഷണിയാണെന്ന് പോലീസ് വ്യക്തമാക്കി. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തരം ഉപകരണങ്ങൾ വൻ അപകടങ്ങൾ ക്ഷണിച്ചുവരുത്താൻ സാധ്യതയുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോൾ പുറന്തള്ളുന്ന പുകയിലെ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകമാണ് പ്രധാനമായും ഭീഷണിയാകുന്നത്. നിറമോ മണമോ ഇല്ലാത്തതിനാൽ ഈ വാതകത്തിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ഇത് ശ്വസിക്കുന്നത് തലവേദന, തലകറക്കം, ഛർദ്ദി, ബോധക്ഷയം എന്നിവയ്ക്ക് കാരണമാവുകയും ഗുരുതരാവസ്ഥയിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മുൻപ് ഇത്തരം ശ്വാസംമുട്ടൽ മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പശ്ചാത്തലത്തിലാണ് പോലീസിന്റെ കർശനമായ ബോധവൽക്കരണം.

അപകടങ്ങൾ ഒഴിവാക്കാനായി ജനറേറ്ററുകൾ വീടിനുള്ളിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ മാത്രമേ സ്ഥാപിക്കാവൂ. അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതവായി അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമാണ്. ജനറേറ്റർ പ്രവർത്തിക്കുന്ന സമയത്ത് ആർക്കെങ്കിലും ശാരീരിക അസ്വസ്ഥതകളോ ഛർദ്ദിയോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഉപകരണം ഓഫ് ചെയ്യുകയും ആ പ്രദേശത്തുനിന്ന് മാറിനിൽക്കുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ 997 എന്ന നമ്പറിൽ വിളിച്ച് സഹായം തേടണമെന്നും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അജ്മാൻ പോലീസ് ആവശ്യപ്പെട്ടു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ലോക്ക് ചെയ്തില്ല; നിർത്തിയിട്ട കാർ കവർച്ച—സിസിടിവി സഹായത്തോടെ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ!

ഷാർജയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഷാർജ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. അശ്രദ്ധയായി ലോക്ക് ചെയ്യാതെയും ജനൽ ഗ്ലാസ് പാതി താഴ്ത്തിയ നിലയിലുമാണ് വാഹനം പാർക്ക് ചെയ്തിരുന്നത്.
കടയിലേക്ക് പോകാനായി വാഹനം പാർക്ക് ചെയ്ത ഉടമ മടങ്ങിയെത്തിയപ്പോൾ, തന്റെ കാർ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ടതോടെ സ്തബ്ധനായി. ലോക്ക് ചെയ്യാതിരുന്നതും ജനൽ ഗ്ലാസ് തുറന്നിരുന്നതും ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഈ അവസരം മുതലെടുത്ത് വാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനം പിന്തുടർന്ന് ഉടമ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചില്ല.

സംഭവം ഉടൻ തന്നെ ഷാർജ പോലീസിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമീപത്തെ കടകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ മുഖം, വാഹന നമ്പർ, പോയ ദിശ എന്നിവ വ്യക്തമായതോടെ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ വിജനമായ പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ വാഹനം കണ്ടെത്തി. പ്രദേശം വളഞ്ഞ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനം ഉടമയ്ക്ക് സുരക്ഷിതമായി തിരികെ കൈമാറി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം പാർക്ക് ചെയ്യുമ്പോൾ നിർബന്ധമായും ലോക്ക് ചെയ്യുകയും ജനൽ ഗ്ലാസുകൾ പൂർണമായി അടച്ചുവെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *