സ്വദേശിവൽക്കരണം ശക്തമാക്കിയതോടെ ദുബായിൽ തൊഴിൽ തേടുന്ന തദ്ദേശീയരുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലന്വേഷകരുടെ എണ്ണത്തിൽ 91 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ഇമറാത്തി ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് കൗൺസിൽ വ്യക്തമാക്കുന്നു. 2021-ൽ 8,800 സ്വദേശികൾ തൊഴിലിനായി കാത്തിരുന്നിടത്ത് കഴിഞ്ഞ വർഷം ഈ എണ്ണം വെറും 785 ആയി ചുരുങ്ങി. നിലവിൽ ഒഴിവുകൾ നികത്താൻ പോലും ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയാണ് പല മേഖലകളിലുമുള്ളത്.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. 2021-ൽ 7,060 സ്വദേശികൾ മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് 32,087 ആയി ഉയർന്നു. അതായത് ഏകദേശം 354.5 ശതമാനം വർധനവ്. നിലവിൽ ഒന്നര ലക്ഷത്തിലധികം സ്വദേശികളാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്.
പഠിച്ചിറങ്ങുന്ന ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ദുബായിലെ തൊഴിൽ സംവിധാനത്തിന് സാധിക്കുന്നുണ്ടെന്ന് കൗൺസിൽ വിലയിരുത്തുന്നു. വ്യോമയാനം, ധനകാര്യം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സ്വദേശികൾ ഇതിനകം തന്നെ ചുവടുറപ്പിച്ചു കഴിഞ്ഞു. അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനത്തോടെ വരും വർഷങ്ങളിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്ന് ദുബായ് സർക്കാർ മാനവവിഭവശേഷി മേധാവി അബ്ദുല്ല ബിൻ സായിദ് അൽ ഫലാസി അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply