യുഎഇ തൊഴിൽ നിയമം: പ്രൊബേഷൻ കാലയളവിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പുതിയ കർശന നിർദ്ദേശങ്ങൾ

യുഎഇയിലെ മെയിൻലാൻഡ് കമ്പനികൾ പ്രൊബേഷൻ കാലയളവിലുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഫെഡറൽ ഡിക്രി നിയമം വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുൻപ് തൊഴിലുടമ 14 ദിവസത്തെ നോട്ടീസ് രേഖാമൂലം നൽകിയിരിക്കണം. പരമാവധി ആറ് മാസമാണ് ഒരാളുടെ പ്രൊബേഷൻ കാലയളവായി നിശ്ചയിക്കാൻ സാധിക്കുന്നത്.

സേവനമവസാനിപ്പിക്കുന്ന ഘട്ടത്തിൽ അതുവരെയുള്ള ശമ്പളം, നോട്ടീസ് കാലയളവിലെ വേതനം, അർഹതപ്പെട്ട അവധി ദിവസങ്ങൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി സെറ്റിൽ ചെയ്യാൻ കമ്പനി ബാധ്യസ്ഥമാണ്. കൂടാതെ ജീവനക്കാരൻ ആവശ്യപ്പെടുകയാണെങ്കിൽ സൗജന്യമായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്. ജോലി ചെയ്ത കാലയളവ്, തസ്തിക, അവസാന ശമ്പളം എന്നിവ ഇതിൽ രേഖപ്പെടുത്തണം. എന്നാൽ ജീവനക്കാരന്റെ ഭാവി തൊഴിൽ സാധ്യതകളെ ബാധിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങൾ സർട്ടിഫിക്കറ്റിൽ ഉണ്ടാകാൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *