തലയ്ക്ക് മുകളിൽ അപകടം: ഷവർ ഹെഡുകൾ അണുക്കളുടെ ആവാസകേന്ദ്രമാകാം; ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബാത്റൂമിൽ കയറി ഷവറിൽ കുളിച്ചാൽ ശരീരവും മനസ്സും പുതുമയാർന്ന അനുഭവം ലഭിക്കുമെന്നതാണ് പൊതുവേയുള്ള ധാരണ. വീട്ടിലെ വെള്ളമായതിനാൽ സുരക്ഷിതമാണെന്ന വിശ്വാസവും പലർക്കുമുണ്ട്. എന്നാൽ, ഷവർ ഹെഡുകൾ തന്നെ അണുക്കളുടെ സങ്കേതങ്ങളായിരിക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, ഷവർ ഹെഡിനുള്ളിൽ നമ്മൾ കരുതുന്നതിലേറെ ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നാണ്. സ്ഥിരമായ നനവും ചൂടും, അടഞ്ഞ അന്തരീക്ഷവും ചേർന്നാൽ സൂക്ഷ്മാണുക്കൾ പെരുകാൻ അനുയോജ്യമായ സാഹചര്യം രൂപപ്പെടുന്നു. വെള്ളം സ്ഥിരമായി ഒഴുകുന്നതിനാൽ ഷവർ ഹെഡ് വൃത്തിയുള്ളതായിരിക്കും എന്ന ധാരണ തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ഉപയോഗങ്ങൾക്കിടയിൽ ഷവർ ഹെഡിനുള്ളിൽ ശേഷിക്കുന്ന വെള്ളം ബാക്ടീരിയകൾ വളരാനും ‘ബയോഫിലിം’ എന്നറിയപ്പെടുന്ന ഒട്ടിപ്പിടിക്കുന്ന പാളികൾ രൂപപ്പെടാനും ഇടയാക്കുന്നു. ഷവർ പ്രവർത്തിക്കുമ്പോൾ ഈ സൂക്ഷ്മാണുക്കൾ വെള്ളത്തുള്ളികളോടൊപ്പം വായുവിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും, ഇത് പ്രതിരോധശേഷി കുറഞ്ഞവർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്കും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
നോൺ-ടൂബർക്കുലസ് മൈകോബാക്ടീരിയ, ലെജിയോണെല്ല തുടങ്ങിയ ബാക്ടീരിയകൾ ഉൾപ്പെടെ വിവിധ പാരിസ്ഥിതിക സൂക്ഷ്മാണുക്കൾ ഷവർ ഹെഡുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

അണുക്കളുടെ വ്യാപനം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

-ഷവർ ഹെഡുകൾ വൃത്തിയായി നിലനിർത്താൻ പതിവായി ശുചീകരണം നടത്തണം. ഷവർ ഹെഡ് ഊരിയെടുത്ത് വെള്ളം ചേർത്ത വെളുത്ത വിനാഗിരിയിൽ മുക്കിവയ്ക്കുകയോ, മിനറൽ അടിപ്പുകൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന അംഗീകൃത ഡീസ്കേലിങ് ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം. മാസത്തിൽ ഒരിക്കലെങ്കിലും ഇത്തരത്തിൽ ശുചീകരണം നടത്തണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ചെറു ബ്രഷ് ഉപയോഗിച്ച് ഉപരിതലം ഉരച്ച് വൃത്തിയാക്കുന്നതും സഹായകരമാണ്.

-മിനറൽ അടിപ്പുകൾ നീക്കം ചെയ്ത ശേഷം നേർപ്പിച്ച ബ്ലീച്ച് സൊലൂഷനിലോ ഹൈഡ്രജൻ പെറോക്സൈഡ് അടിസ്ഥാനമാക്കിയ ക്ലീനറുകളിലോ ഷവർ ഹെഡ് മുക്കി അണുവിമുക്തമാക്കണം. ക്ലീനിങ് ഉത്പന്നങ്ങളിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും, വീണ്ടും ഘടിപ്പിക്കുന്നതിന് മുൻപ് നന്നായി കഴുകുകയും വേണം.

-ഷവർ ഓൺ ചെയ്തതുടൻ ശരീരത്തിലേക്ക് വെള്ളം വീഴ്ത്തുന്നതിന് പകരം, ഒരു മിനിറ്റ് നേരം ചൂടുവെള്ളം ഒഴുകാൻ അനുവദിക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളവും സൂക്ഷ്മാണുക്കളും പുറത്തേക്കൊഴുക്കാൻ സഹായിക്കും. ദീർഘകാലം ഉപയോഗിക്കാതിരുന്ന ഷവറുകളിൽ ഇത് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്.

-വായുസഞ്ചാരം കുറവുള്ള കുളിമുറികളിൽ എയറോസോളുകൾ കൂടുതൽ നേരം നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ, കുളിക്കുമ്പോൾ എക്സ്ഹോസ്റ്റ് ഫാൻ ഓൺ ചെയ്യുകയോ ജനാലകൾ തുറന്നിടുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് കുളിമുറിയിലെ ഈർപ്പം കുറയ്ക്കാനും സഹായിക്കും.

-പുറമേ കേടുപാടുകളൊന്നും കാണുന്നില്ലെങ്കിലും ഷവർ ഹെഡുകൾ ദീർഘകാലം ഉപയോഗിക്കേണ്ടതല്ല. ഏഴ് മുതൽ എട്ട് വർഷം വരെ ഉപയോഗിച്ചതിന് ശേഷം പുതിയത് സ്ഥാപിക്കുന്നതാണ് ഉചിതം. എളുപ്പത്തിൽ അഴിച്ചുമാറ്റാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന, ആന്റി-മൈക്രോബിയൽ പ്രതലങ്ങളുള്ള പുതിയ മോഡലുകളും വിപണിയിൽ ലഭ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

സിനിമാ സ്റ്റൈൽ കവർച്ച: യുഎഇയിൽ ഓഫിസ് ജീവനക്കാരനെ കെട്ടിയിട്ട് ലക്ഷങ്ങൾ കവർന്നു; മൂന്ന് പേർ പിടിയിൽ

ദെയ്‌റയിലെ ഒരു ട്രേഡിങ് കമ്പനി ഓഫീസിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ) കവർന്ന കേസിൽ അഞ്ചംഗ കിഴക്കൻ യൂറോപ്യൻ സംഘത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർ രാജ്യം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ ടവറിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സിനിമാ ശൈലിയിൽ നടന്ന കവർച്ചയിൽ, തുർക്കി സ്വദേശിയായ ജീവനക്കാരൻ ഓഫിസിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഘം എത്തിയത്. വാതിലിൽ മുട്ടി വിളിച്ച് അകത്തുകയറിയ പ്രതികൾ ജീവനക്കാരനെ ബലമായി കീഴ്പ്പെടുത്തിയ ശേഷം, സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം ദിർഹം കൈക്കലാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളുടെ ഓരോ നീക്കങ്ങളും ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പിടിയിലായ മൂന്ന് പ്രതികളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ തുകയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഈ തുക പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ കവർച്ച, മോഷണ മുതലായ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, പ്രവാസികളും ബിസിനസ് സ്ഥാപനങ്ങളും സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ‘ജോലി മാറ്റ’ സീസൺ; പുതിയ അവസരങ്ങൾ തേടി പ്രവാസികൾ, പ്രൊഫഷണലുകൾക്കിടയിൽ വൻ മാറ്റത്തിന് സാധ്യത!

ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ തൊഴിൽ വിപണി വലിയൊരു അഴിച്ചുപണിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ (LinkedIn) നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, യുഎഇയിൽ ജോലി ചെയ്യുന്ന 72 ശതമാനം ആളുകളും ഈ വർഷം നിലവിലെ ജോലി മാറി പുതിയ അവസരങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ്. അതായത് ഓരോ പത്ത് ജീവനക്കാരിലും ഏഴ് പേരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലെ ജോലിയിൽ 74 ശതമാനം പേരും സന്തുഷ്ടരാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ ആധിക്യമാണ് ആളുകളെ ജോലി മാറാൻ പ്രേരിപ്പിക്കുന്നത്. പുതിയ മേഖലകളിലേക്ക് ചേക്കേറുന്നത് കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്ന് ഭൂരിഭാഗം പേരും കരുതുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും യുഎഇയിലെ അനുകൂലമായ തൊഴിൽ സാഹചര്യങ്ങളും ഈ മാറ്റത്തിന് ധൈര്യം നൽകുന്നു.

ജീവനക്കാർ കൂട്ടത്തോടെ ജോലി മാറാൻ ശ്രമിക്കുമ്പോൾ, വൈദഗ്ധ്യമുള്ള പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് യുഎഇയിലെ തൊഴിലുടമകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ദശലക്ഷത്തോളം ആളുകൾ പുതുതായി യുഎഇയിലേക്ക് എത്തിയത് തൊഴിൽ വിപണിയിൽ വലിയ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളിലേക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് യുഎഇയിൽ വരാനിരിക്കുന്നത്. അതിനാൽ തന്നെ കൃത്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി കണ്ടെത്തുക എന്നത് എളുപ്പമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ശരിയായ തൊഴിൽ വേഗത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും ഇപ്പോൾ സജീവമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *