സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പോത്തൻകോട് കോയ്ത്തൂർക്കോണം എസ്.എച്ച്. ഗാർഡൻ സ്വദേശിയായ അബ്ദുൽ സലീം (57) ആണ് അൽഹസയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മൂന്നു പതിറ്റാണ്ടിലേറെയായി സൗദിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വാഹനമോടിച്ച് അൽഹസ ജാഫർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടയിൽ മരണം സംഭവിക്കുകയായിരുന്നു. പരേതരായ കൊച്ചഹമ്മദ് പിള്ളയുടെയും മറിയം ബീവിയുടെയും മകനാണ്. ഭാര്യ ഹസീന; മക്കൾ ഹാരിസ്, സുബ്ഹാന.
അൽഹസയിലെ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ സലീം ഒ.ഐ.സി.സി. അൽഹസ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. മൃതദേഹം അൽഹസ ജാഫർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഒ.ഐ.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. അബ്ദുൽ സലീമിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി. അൽഹസ ഘടകം അനുശോചനം രേഖപ്പെടുത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഒറ്റ രാത്രിയിൽ 7 പുതുവർഷങ്ങൾ! ഗ്ലോബൽ വില്ലേജിൽ വിപുലമായ ആഘോഷം; ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങൾക്കായി കൗണ്ട്ഡൗൺ
ദുബായ്: ലോകത്തിന് മുന്നിൽ പുതുവർഷാഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു. ഇത്തവണ ഒറ്റ രാത്രിയിൽ തന്നെ ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ പുതുവർഷത്തെ വരവേൽക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കും എന്നതാണ് പ്രധാന ആകർഷണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സമയക്രമമനുസരിച്ചാണ് ഏഴ് തവണ കൗണ്ട്ഡൗണും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത്.
യുഎഇ സമയം രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയാണ് ഘട്ടംഘട്ടമായി വിവിധ രാജ്യങ്ങളുടെ പുതുവർഷം ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കുക. ഓരോ രാജ്യത്തിന്റെ കൗണ്ട്ഡൗണിന് ശേഷവും ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടായിരിക്കും. അർധരാത്രി 12 മണി വരെ കാത്തിരിക്കാൻ കഴിയാത്തവർക്കും കുടുംബങ്ങൾക്കും തങ്ങളുടെ ഇഷ്ടരാജ്യത്തിനൊപ്പം പുതുവർഷം ആഘോഷിക്കാം എന്ന പ്രത്യേകതയുമുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിയിൽ സംഗീതം, നൃത്തം, ഹാസ്യം എന്നിവ കോർത്തിണക്കിയ കലാപരിപാടികൾ അരങ്ങേറും. 90 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിലും സാംസ്‌കാരിക പരിപാടികൾ നടക്കും. 250-ലേറെ ഭക്ഷണശാലകൾ പുലരുവോളം പ്രവർത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി 200-ൽ പരം റൈഡുകളും ഗെയിമുകളും സജ്ജമാണ്.
പുതുവർഷാഘോഷത്തിനായി എത്തുന്നവരെ സ്വീകരിക്കുന്നതിനായി ഗ്ലോബൽ വില്ലേജിന്റെ മൂന്ന് കവാടങ്ങളും വൈകിട്ട് 4 മണിക്ക് തന്നെ തുറക്കും. പുലർച്ചെ 2 മണി വരെ സന്ദർശകർക്ക് ഇവിടെ ചിലവഴിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന കാർണിവൽ പരേഡും ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്
കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.
ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply