ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ കെജി, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി നിശ്ചയിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. പുതിയ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം രാജ്യത്തെ എല്ലാ സ്വകാര്യ, പൊതു വിദ്യാലയങ്ങൾക്കും ബാധകമാണ്.
പുതിയ നിയമപ്രകാരം കെജി 1 (FS2) ക്ലാസ്സിൽ പ്രവേശനം നേടുന്നതിന് കുട്ടിക്ക് 4 വയസ്സ് പൂർത്തിയായിരിക്കണം. കെജി 2 (Year 1) പ്രവേശനത്തിന് 5 വയസ്സും, ഒന്നാം ക്ലാസ്സിൽ (Year 2) പ്രവേശിക്കുന്നതിന് കുറഞ്ഞത് 6 വയസ്സുമാണ് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി.
അധ്യയന വർഷം ആരംഭിക്കുന്ന സമയക്രമം അനുസരിച്ച് രണ്ട് വ്യത്യസ്ത കട്ട്-ഓഫ് തീയതികളാണ് അധികൃതർ നൽകിയിട്ടുള്ളത്. ഇന്ത്യൻ, പാകിസ്താനി സിലബസുകൾ പിന്തുടരുന്ന, ഏപ്രിലിൽ ക്ലാസ്സുകൾ ആരംഭിക്കുന്ന സ്‌കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് മാർച്ച് 31-നകം നിശ്ചിത പ്രായം തികഞ്ഞിരിക്കണം. എന്നാൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന ബ്രിട്ടീഷ്, അമേരിക്കൻ, ഐബി സ്കൂളുകളിൽ പ്രവേശനം തേടുന്നവർക്ക് ഓഗസ്റ്റ് 31-നകം പ്രായം പൂർത്തിയായിരിക്കണം.
ഈ പുതിയ നിയമം ആദ്യമായി സ്കൂളിൽ ചേരുന്ന കുട്ടികൾക്ക് മാത്രമാണ് ബാധകമാകുന്നത്. നിലവിൽ വിദ്യാലയങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ തുടർപഠനത്തെ ഈ മാറ്റം ബാധിക്കില്ല. നിശ്ചിത പ്രായത്തിൽ ഒരു ദിവസത്തെ കുറവുണ്ടെങ്കിൽ പോലും പ്രവേശനം നൽകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുൻപ് കുട്ടികളുടെ പ്രായം കൃത്യമാണെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തേണ്ടതുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്
കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.
ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു
എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply