യുഎഇയിൽ ഇനി ബാങ്ക് ഒടിപി ഇല്ല! ഇടപാടുകൾ സുരക്ഷിതമാക്കാൻ ആപ്പ് അധിഷ്ഠിത സംവിധാനം വരുന്നു

ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) ഘട്ടംഘട്ടമായി നിർത്തലാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ഉത്തരവിട്ടു. 2026 മാർച്ച് 31-നകം രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതിയ ആപ്പ് അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനത്തിലേക്ക് മാറണം.

എന്താണ് പുതിയ മാറ്റം? നിലവിൽ ഓൺലൈൻ ഷോപ്പിംഗിനോ പണം കൈമാറ്റത്തിനോ നാം ഉപയോഗിക്കുന്ന എസ്എംഎസ് ഒടിപി രീതിക്ക് പകരം, ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയുള്ള സ്ഥിരീകരണ രീതിയാണ് നിലവിൽ വരുന്നത്. ഇടപാട് നടത്തുമ്പോൾ മൊബൈൽ ആപ്പിൽ ഒരു നോട്ടിഫിക്കേഷൻ വരികയും, അത് ക്ലിക്ക് ചെയ്ത് ബയോമെട്രിക് (ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി) വഴിയോ സ്മാർട്ട് പിൻ വഴിയോ ഇടപാട് അംഗീകരിക്കുകയും വേണം.

മാറ്റത്തിന്റെ കാരണങ്ങൾ:

സുരക്ഷ: സിം സ്വാപ്പിംഗ് (SIM Swapping), ഫിഷിംഗ് (Phishing) തുടങ്ങിയ സൈബർ തട്ടിപ്പുകളിലൂടെ ഒടിപികൾ ചോർത്തുന്നത് തടയാൻ പുതിയ സംവിധാനം സഹായിക്കും.

വേഗത: എസ്എംഎസ് വരാൻ കാത്തുനിൽക്കാതെ ആപ്പിലെ ഒറ്റ ക്ലിക്കിലൂടെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാം.

കൃത്യത: ഇടപാട് നടത്തുന്ന തുക, ആർക്കാണ് പണം നൽകുന്നത് തുടങ്ങിയ വിവരങ്ങൾ ആപ്പിൽ തെളിയുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാക്കാം.

ഉപഭോക്താക്കൾ ചെയ്യേണ്ടത്: എമിറേറ്റ്‌സ് എൻബിഡി (Emirates NBD), എഫ്എബി (FAB), എഡിസിബി (ADCB) തുടങ്ങിയ പ്രമുഖ ബാങ്കുകൾ ഇതിനോടകം തന്നെ ഈ മാറ്റം ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കൾ തങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും നോട്ടിഫിക്കേഷൻ സൗകര്യം ഓണാക്കി വെക്കുകയും വേണം. 2026 മാർച്ചോടെ എസ്എംഎസ് ഒടിപികൾ പൂർണ്ണമായും ഇല്ലാതാകും.

സൈബർ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബാങ്കിംഗ് മേഖലയെ കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കാനുള്ള യുഎഇയുടെ ‘ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്ഫോർമേഷൻ’ (FIT) പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നടപടി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *