വീണ്ടും വിവാദമായി എയർ ഇന്ത്യയുടെ കടുത്ത അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ പ്രവാസി മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

പ്രവാസി മലയാളിയോട് എയർ ഇന്ത്യ വീണ്ടും അനാസ്ഥ കാണിച്ചെന്ന ആരോപണം ഉയരുന്നു. റിയാദിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതാണ് വിവാദമായത്. ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് സംഭവത്തിൽ ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന രാഘവൻ തുളസി, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് വീണത്. അപകടത്തിൽ കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഉടൻ തന്നെ റിയാദിലെ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച കുടുംബം സ്റ്റ്രെച്ചർ ടിക്കറ്റിനായി എയർ ഇന്ത്യയെ സമീപിച്ചു. എന്നാൽ നിലവിൽ ചെറിയ വിമാനങ്ങളാണ് സർവീസ് നടത്തുന്നതെന്നും, ഇതേ ആവശ്യവുമായി മുൻപ് നൽകിയ അപേക്ഷകൾ എല്ലാം നിരസിച്ചുവെന്നും അധികൃതർ അറിയിച്ചു. ഇതോടെ നാട്ടിലേക്ക് യാത്ര സാധ്യമാകാതെ വന്നു. മറ്റ് വിമാനകമ്പനികൾ സ്റ്റ്രെച്ചർ ടിക്കറ്റിനായി 30,000 മുതൽ 35,000 റിയാൽ വരെ ആവശ്യപ്പെട്ടതായും ബന്ധപ്പെട്ടവർ പറഞ്ഞു. ഇത്രയും തുക ചെലവഴിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിൽ, റിയാദിൽ തന്നെ ചികിത്സ തുടരാൻ രാഘവൻ തുളസിയും കുടുംബവും നിർബന്ധിതരായി. മുൻകാലങ്ങളിൽ ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ സഹായം ആവശ്യമില്ലാത്ത സ്റ്റ്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

അയച്ചത് കുടുംബത്തിന്, കിട്ടിയത് തട്ടിപ്പുകാർക്ക്; കുറഞ്ഞ നിരക്കിന്റെ വലയിൽ കുടുങ്ങി പ്രവാസികൾ, കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിൽപ്പനക്ക്

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ചരക്ക് എത്തിക്കാമെന്ന വാഗ്ദാനവുമായി അനധികൃത കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി ഉയരുന്നു. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ഇതുസംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലൈസൻസോ സ്ഥാപനപരമായ അടിസ്ഥാനവുമില്ലാത്ത ചില വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് വീടുകളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ ചരക്കുകൾ ശേഖരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയോ, അയച്ചാലും വിതരണം ചെയ്യാതിരിക്കുകയോ ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ ഈ ചരക്കുകൾ പിന്നീട് വളരെ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ഇത്തരം അനധികൃത ഏജന്റുമാർ, ഉപഭോക്താക്കളിൽ നിന്നു വാങ്ങിയ സാധനങ്ങൾ അംഗീകൃത കാർഗോ സ്ഥാപനങ്ങളിൽ എത്തിച്ച് ഭാഗിക പേയ്മെന്റ് നൽകി മുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഐഡിഎ ചൂണ്ടിക്കാട്ടി. ബാക്കി തുക ലഭിക്കുമെന്ന് കരുതി കാത്തുനിൽക്കുന്ന ഏജൻസികൾക്ക് ഒടുവിൽ ഏൽപ്പിച്ച സാധനങ്ങൾ ഗോഡൗണിൽ തന്നെ കുടുങ്ങി കിടക്കേണ്ട സാഹചര്യമുണ്ടാകുന്നു.

ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായാണ് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ രൂപവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സംഘടന അഭ്യർത്ഥിച്ചു. ഐഡിഎയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് കിലോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന രീതിയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ടെന്നും, ഇതിൽക്കുറവ് നിരക്ക് വാഗ്ദാനം ചെയ്ത് ഏജന്റുമാർ സമീപിച്ചാൽ അവയുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമേ സാധനങ്ങൾ കൈമാറാവൂവെന്നും മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സയ്യിദ് സേട്ട്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ആളുകളുടെ വ്യാജ വിഡിയോകളും ഓഡിയോകളും സൃഷ്ടിച്ച് ‘ഹൈടെക്’ തട്ടിപ്പുകൾ; പിന്നെ അക്കൗണ്ട് കാലി! യുഎഇയിൽ ഡീപ്‌ഫേക്ക് തട്ടിപ്പുകൾ പെരുകുന്നു

എഐ അധിഷ്ഠിത തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. വ്യാജ വിഡിയോകളും ശബ്ദങ്ങളും സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈടെക് തട്ടിപ്പുകൾ രാജ്യത്ത് ഏകദേശം 50 ശതമാനം വരെ ഉയർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർഥ വ്യക്തികൾ നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നുന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുന്നതെന്നും, സംശയം തോന്നുന്നതിന് മുൻപേ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം നഷ്ടമാകുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. ശബ്ദവും രൂപവും കൃത്യമായി അനുകരിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നതോടെ വ്യാജവാർത്തകളും സാമ്പത്തിക തട്ടിപ്പുകളും അതിവേഗം പടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ എഡിറ്റിങ് ആപ്പുകൾ അടക്കമുള്ള ചില ആപ്ലിക്കേഷനുകൾ വഴി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പ്രതികരിക്കാതെ, ഒന്നിലധികം തവണ സ്ഥിരീകരണം നടത്തണമെന്നും, ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പൊതുപ്രമുഖരുടെയോ പേരിൽ വരുന്ന സന്ദേശങ്ങളുടെ ഉറവിടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

അപരിചിതരിൽ നിന്നുള്ള ലിങ്കുകളിലേക്കോ സന്ദേശങ്ങളിലേക്കോ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് ഇടപാടുകളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ ഓർമ്മിപ്പിച്ചു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും സുരക്ഷിതമാക്കുക, ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നിവയും നിർദേശങ്ങളിലുണ്ട്.
സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. തട്ടിപ്പെന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഭീഷണികൾക്കോ ആവശ്യങ്ങൾക്കോ വഴങ്ങാതെ ഉടൻ പൊലീസിനെയും ബന്ധപ്പെട്ട ബാങ്കിനെയും അറിയിക്കണമെന്നും, വ്യക്തിഗത ആസ്തികളും രഹസ്യവിവരങ്ങളും സംരക്ഷിക്കുന്നതിൽ പരമാവധി കരുതൽ വേണമെന്നും കൗൺസിൽ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *