മനസ്സറിഞ്ഞ് നൽകിയ കരുതലുകളും സ്നേഹവും; ഇന്ത്യൻ പ്രവാസിയെ ചേർത്തുപിടിച്ച് യുഎഇ പ്രസിഡന്റ്!

യുഎഇയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കുവഹിച്ച ഇന്ത്യൻ പ്രവാസി ഷെയ്ഖ് ഷക്കീലിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്നേഹാദരം. അബുദാബിയിലെ ഔഖാഫ് ആൻഡ് മൈനേഴ്‌സ് ഫണ്ട്‌സ് അഫയേഴ്‌സ് നടപ്പിലാക്കുന്ന ‘ലൈഫ് എൻഡോവ്മെന്റ്’ ക്യാംപെയ്നിലേക്ക് ഷക്കീൽ നൽകിയ നിരന്തരമായ സംഭാവനകൾ പരിഗണിച്ചാണ് ഈ അപൂർവ്വ ബഹുമതി.

തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 42 തവണയാണ് ഷക്കീൽ ഈ ജീവകാരുണ്യ പദ്ധതിയിലേക്ക് സംഭാവനകൾ നൽകിയത്. സാമ്പത്തികമായി വലിയ പ്രതാപമുള്ളവരല്ല, മറിച്ച് സഹജീവികളോടുള്ള കരുതലുള്ളവരാണ് യഥാർത്ഥ നന്മയുടെ വക്താക്കളെന്ന് ഷക്കീലിന്റെ പ്രവൃത്തി അടിവരയിടുന്നു. ചികിത്സാ ചെലവ് വഹിക്കാൻ പ്രയാസപ്പെടുന്ന രോഗികൾക്ക് സുസ്ഥിരമായ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാംപെയ്ൻ പ്രവർത്തിക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമെന്നാണ് യുഎഇ പ്രസിഡന്റിൽ നിന്നുള്ള ഈ അംഗീകാരത്തെ ഷക്കീൽ വിശേഷിപ്പിച്ചത്. അനുകമ്പയുടെയും പങ്കുവെക്കലിന്റെയും മൂല്യങ്ങളിൽ കെട്ടിപ്പടുത്ത ഈ രാജ്യം ഓരോ വ്യക്തിയുടെയും കുഞ്ഞു സംഭാവനകൾ പോലും എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് ഷക്കീലിന് ലഭിച്ച ഈ ആദരവ്. വ്യക്തികൾക്കും കമ്പനികൾക്കും ഒരേപോലെ പങ്കുചേരാവുന്ന ഈ പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് യുഎഇ ലക്ഷ്യമിടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വിദേശയാത്രയ്ക്ക് മുന്‍പ് മരുന്നുകള്‍ കൈയ്യിൽ സൂക്ഷിക്കാം! യുഎഇയിലെ ഫാർമസികളിൽ ശൈത്യകാല തിരക്ക്

ശൈത്യകാല അവധികൾ ആരംഭിച്ചതോടെ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന യുഎഇയിലെ നിരവധി താമസക്കാർ ‘മുൻകരുതൽ’ എന്ന ചിന്തയിൽ മരുന്നുകൾ സംഭരിക്കുന്ന പ്രവണത ശക്തമാകുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ അസുഖം വന്നാൽ എന്ത് ചെയ്യും എന്ന ആശങ്കയാണ് പലരെയും യാത്രയ്‌ക്ക് മുൻപേ ഫാർമസികളിലേക്ക് നയിക്കുന്നത്. ഇതിന്റെ ഭാഗമായി കോൾഡ്–ഫ്ലൂ മരുന്നുകൾ, മൾട്ടി വൈറ്റമിൻ സപ്ലിമെൻ്റുകൾ, വിറ്റാമിൻ സി, സിങ്ക്, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരെന്ന് ദുബായിലെയും ഷാർജയിലെയും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി.

യാത്രാ സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ആഴ്ചകളിൽ തന്നെ ‘ട്രാവൽ മെഡിസിൻ കിറ്റ്’ തയ്യാറാക്കാനായി നിരവധി പേർ ഫാർമസികളെ സമീപിക്കുന്നതായി ഫാർമസിസ്റ്റുകൾ പറയുന്നു. വേദനസംഹാരികൾ, പനി–ചുമ മരുന്നുകൾ തുടങ്ങിയ അടിസ്ഥാന മരുന്നുകളോടൊപ്പം വിറ്റാമിനുകൾക്കും സപ്ലിമെൻ്റുകൾക്കും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ അസുഖം ഒഴിവാക്കാമെന്ന വിശ്വാസത്തിലാണ് പലരും ഇത്തരം ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ഫാർമസിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സപ്ലിമെൻ്റുകൾ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുമെങ്കിലും അണുബാധകൾക്കെതിരെ ഉറപ്പുള്ള സംരക്ഷണം നൽകില്ലെന്ന കാര്യം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. അതേസമയം, കുറിപ്പടി ഇല്ലാതെ ആൻ്റിബയോട്ടിക്കുകൾ ആവശ്യപ്പെടുന്നവരുടെ അപേക്ഷകൾ കർശനമായി നിരസിക്കുന്നതായും ഫാർമസിസ്റ്റുകൾ വ്യക്തമാക്കി. സപ്ലിമെൻ്റുകൾ ഉപയോഗിച്ചുള്ള അനാവശ്യ സ്വയംചികിത്സ അപകടകരമാണെന്നും, പ്രത്യേകിച്ച് മരുന്നുകൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി സംയോജിപ്പിക്കുകയോ ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യാത്രക്കായി വേദനയും പനിയും കുറയ്ക്കുന്ന മരുന്നുകൾ, ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകൾ, അലർജി മരുന്നുകൾ, അത്യാവശ്യ പ്രഥമ ശുശ്രൂഷാ സാമഗ്രികൾ എന്നിവ മാത്രം കൈവശം വെക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറ്റിയത് എന്തിന്? കാരണം അറിയാം

യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്തിൽ ഏകീകരണം വരുത്തി. രാജ്യത്തെ എല്ലാ പള്ളികളിലും ഇനി ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് തന്നെ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ് ആൻഡ് സകാത്ത് (GAIAE) ചെയർമാൻ ഡോ. ഒമർ ഹബ്തൂർ അൽ ദാരിഇ അറിയിച്ചു. 2026 ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം, നാല് വർഷത്തോളം നീണ്ട പഠനങ്ങൾക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ ശേഖരണത്തിനും ശേഷമാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച നമസ്കാര സമയത്തിൽ മുമ്പ് വരുത്തിയ മാറ്റങ്ങൾക്ക് ശേഷം, രാജ്യത്ത് ഉണ്ടായ സാമൂഹിക മാറ്റങ്ങളും ജോലി സമയങ്ങളിലെയും കുടുംബ ജീവിതത്തിലെയും വ്യത്യാസങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചകളുടെ സ്വഭാവം തന്നെ മാറിയ സാഹചര്യത്തിൽ, നിലവിലെ നമസ്കാര സമയം കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് യോജിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നിർണായകമായതെന്ന് ഡോ. അൽ ദാരിഇ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

യുഎഇ ‘കുടുംബ വർഷ’ത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വെള്ളിയാഴ്ചകളിൽ കുടുംബസമേതമായ ഒത്തുചേരലുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കാനുമാണ് ഈ സമയമാറ്റം ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ജോലി, സ്കൂൾ ഷെഡ്യൂളുകൾ, യാത്രാ ക്രമീകരണങ്ങൾ എന്നിവയുമായി നമസ്കാര സമയം പൊരുത്തപ്പെടാത്ത സാഹചര്യം പല കുടുംബങ്ങൾക്കും വെല്ലുവിളിയായിരുന്നു. 2022-ൽ യുഎഇ പരിഷ്കരിച്ച പ്രവൃത്തിവാരം നടപ്പാക്കിയതോടെയാണ് ജുമുഅ നമസ്കാര സമയം ഉച്ചയ്ക്ക് 1:15-ലേക്ക് ഏകീകരിച്ചത്. ഇതോടൊപ്പം വാരാന്ത്യം വെള്ളി-ശനി എന്നതിൽ നിന്ന് ശനി-ഞായർ ആയി മാറ്റുകയും, വെള്ളിയാഴ്ച പൊതുമേഖലയിൽ അർധദിവസം ജോലി നടപ്പാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലും ഉച്ചയ്ക്ക് ശേഷം നമസ്കാരത്തിനായി സമയം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പുതുക്കിയ തീരുമാനം കൈക്കൊണ്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *