ഇന്ന് മുതൽ യുഎഇയിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിൽ ഞായറാഴ്ച മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി മുന്നറിയിപ്പ് നൽകി. തീരദേശവും വടക്കൻ പ്രദേശങ്ങളും പ്രധാനമായും മേഘാവൃതമായിരിക്കുമെന്നും ഇടവേളകളോടെ മഴ ലഭിക്കാമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി താപനിലയിൽ കുറവും കാറ്റിന്റെ ശക്തി വർധിക്കുന്നതും അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. തുറന്ന പ്രദേശങ്ങളിൽ കാറ്റോടൊപ്പം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ ദൃശ്യപരത കുറയാം. കടൽ ചില ഘട്ടങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ വേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ചാണ് യാത്ര ചെയ്യേണ്ടതെന്ന് അറിയിപ്പിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

‘ചിരിപ്പിച്ച താരത്തിന് കണ്ണീരോടെ വിട’: പ്രിയ ഹാസ്യതാരത്തിന്റെ ആകസ്മിക വിയോഗം താങ്ങാനാവാതെ ഗൾഫ് ജനത‌

പ്രമുഖ സൗദി ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ അബൂമർദാഅിന്റെ അപ്രതീക്ഷിത വിയോഗം ഗൾഫ് മേഖലയെ ദുഃഖത്തിലാഴ്ത്തി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അബൂമർദാഅ് (അബ്ദുല്ല ബിൻ മർദാഅ് അൽആതിഫ് അൽ ഖഹ്താനി) സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച ജനപ്രിയ മുഖമായിരുന്നു. സൗദിയിലെ ഹായിൽ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബൂമർദാഅ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിയായ അബൂഹുസ്സക്കും അബൂമർദാഅിന്റെ പിതൃസഹോദരപുത്രനായ ദഖീലിനും പരിക്കേറ്റു. ദഖീലിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അബൂഹുസ്സയും അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവാർത്ത പുറത്ത് വന്നതോടെ സൗദി അറേബ്യയിലെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അബൂമർദാഅിനെ അനുസ്മരിക്കുന്ന കുറിപ്പുകളാൽ നിറഞ്ഞു. ലളിതമായ ഭാഷയും ദിനജീവിതത്തിലെ നർമ്മരംഗങ്ങളും സുഹൃത്തുക്കളുമൊത്തുള്ള സ്വാഭാവിക തമാശകളും അവതരിപ്പിക്കുന്ന വ്ലോഗുകളിലൂടെയാണ് അദ്ദേഹം വലിയ ജനപ്രീതി നേടിയത്. സ്നാപ്ചാറ്റ്, ടിക്‌ടോക്ക്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടായിരുന്നു.

അബൂമർദാഅ് സഞ്ചരിച്ചിരുന്ന ജീപ്പ് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ വൈകിട്ട് ഹായിലിലെ അൽറാജ്ഹി ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള സ്വദിയാൻ ഖബർസ്ഥാനിൽ അദ്ദേഹത്തിന്റെ ഖബറടക്കം നടന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ഇ-​സ്കൂ​ട്ട​ർ അ​പ​ക​ടം; 10 വ​യ​സ്സു​കാ​ര​ന്​ ദാ​രു​ണാ​ന്ത്യം

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരൻ ദാരുണമായി മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കിംഗ് ഫൈസൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടറിനെ ഒരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിവരം ലഭിച്ച ഉടൻ തന്നെ ഉമ്മുൽ ഖുവൈൻ പൊലീസ് സ്ഥലത്തെത്തി ദേശീയ ആംബുലൻസ് സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഉബൈദ് അൽ മുഹൈരി ആണ് മരണവിവരം സ്ഥിരീകരിച്ചത്. കുട്ടിക്ക് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന ഏഷ്യൻ വംശജനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, കുട്ടി റോഡിലൂടെ എതിർദിശയിലായാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കൾ രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ സഹോദരന്റെ ഇ-സ്കൂട്ടറുമായി കുട്ടി പുറത്തേക്ക് ഓടിപ്പോയതാകാമെന്നാണ് സംശയം. വാഹനം പാർക്ക് ചെയ്യുന്നതിനായി വേഗം കുറച്ചാണ് കാർ ഓടിച്ചിരുന്നതെന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *