യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സാങ്കേതിക നേട്ടവുമായി ദുബായിൽ താമസിക്കുന്ന മലയാളി യുവാവ് മുഹമ്മദ് സബിർ (32) ശ്രദ്ധ നേടുന്നു. കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ സബിർ, എട്ടര മണിക്കൂറിനുള്ളിൽ 54 വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്ത് പൂർത്തിയാക്കിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. യുഎഇയുടെ 54 വർഷത്തെ വളർച്ചയും പുരോഗതിയും പ്രതിനിധീകരിക്കുന്ന തരത്തിൽ ‘ഒരു വർഷം – ഒരു വെബ്‌സൈറ്റ്’ എന്ന ആശയത്തിലാണ് ഈ സംരംഭം നടപ്പാക്കിയത്. ഓരോ വെബ്‌സൈറ്റും രണ്ട് പേജുകളുള്ളതും യുഎഇയുടെ ചരിത്രം, സംസ്കാരം, പൈതൃകം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുമാണ് ഒരുക്കിയത്. സുസ്ഥിരത, പരിസ്ഥിതി, വിദ്യാഭ്യാസ ചരിത്രം, നയതന്ത്രം, സമുദ്ര വ്യാപാരം, യുവത്വം, കായികം, കല, സംഗീതം, സാഹിത്യം, വാസ്തുവിദ്യ, ഭക്ഷണം, ഉത്സവങ്ങൾ, ടൂറിസം തുടങ്ങി യുഎഇയെ സമഗ്രമായി പരിചയപ്പെടുത്തുന്ന വിഷയങ്ങളാണ് വിവിധ സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന ഡൊമെയിനും 53 സബ് ഡൊമെയിനുകളും ഉപയോഗിച്ചാണ് ഈ ഡിജിറ്റൽ ശൃംഖല സജ്ജമാക്കിയിരിക്കുന്നത്.
യുഎഇയെ ഒരുനോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഈ വെബ്‌സൈറ്റുകൾ രാജ്യത്തിന്റെ നവീന ആശയങ്ങളെയും ഡിജിറ്റൽ മുന്നേറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഹമ്മദ് സബിർ പറയുന്നു. ദേശീയ ദിനത്തിൽ രാജ്യത്തിന് അർഥവത്തായൊരു സംഭാവന നൽകണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്നും, 54 വെബ്‌സൈറ്റുകൾ 54 വർഷങ്ങളോടുള്ള ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി. 8.5 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റുകൾ പൂർത്തിയാക്കിയ മുഴുവൻ പ്രക്രിയയും തത്സമയ വീഡിയോ, സ്ക്രീൻ റെക്കോർഡിംഗ്, ടൈമർ തെളിവുകൾ എന്നിവയോടെ രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യാന്തര റെക്കോർഡ് ബുക്കുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും, ഇതിനകം കേരള ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്, ഇൻഫ്ലുവൻസർ വേൾഡ് റെക്കോർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, യൂണിറെക് വേൾഡ് റെക്കോർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, മാജിക് ബുക്ക് ഓഫ് റെക്കോർഡ് എന്നിവ നേടുകയും ചെയ്തു. അടുത്ത ലക്ഷ്യം ഇന്ത്യ, ഏഷ്യ റെക്കോർഡുകളും തുടർന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡുമാണ്.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ മുഹമ്മദ് സബിർ, നാട്ടിൽ സ്റ്റീൽ ബിസിനസ് നടത്തിയ ശേഷം രണ്ടുവർഷം മുൻപാണ് യുഎഇയിലെത്തിയത്. നിലവിൽ ബർദുബായിൽ ടൈപ്പിങ് സെന്റർ നടത്തുന്നതിനൊപ്പം വെബ്‌സൈറ്റ് ഡിസൈനിംഗിലും സജീവമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഈ പദ്ധതി യാഥാർഥ്യമാക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൂന്ന് വർഷത്തേക്ക് വെബ്‌സൈറ്റുകൾ നിലനിർത്താൻ ഏകദേശം ഒരു ലക്ഷം രൂപ മതിയാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനകം തന്നെ സൈറ്റുകൾക്ക് ശ്രദ്ധ ലഭിച്ചുതുടങ്ങിയതായും, സന്ദർശക കണക്കുകൾ വിലയിരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ ശ്രമം യുഎഇ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടണമെന്ന ആഗ്രഹവും സബിർ പങ്കുവച്ചു. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വളർച്ചയ്ക്കും അറിവിലേക്കുള്ള പ്രവേശനത്തിനും സഹായകമായ ഈ സംരംഭം, യുവാക്കളുടെ കഴിവുകൾക്ക് യുഎഇ നൽകുന്ന പ്രോത്സാഹനത്തിന്റെ ഉദാഹരണമായി മാറുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഈ എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു
ഷാർജ സർക്കാർ സ്ഥാപനങ്ങളിലും വിവിധ അതോറിറ്റികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് 2026 ജനുവരി 1-ന് ഔദ്യോഗിക പൊതു അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പുതുവത്സര ദിനം വ്യാഴാഴ്ചയായതിനാൽ, അതിനെ തുടർന്നുള്ള വെള്ളിയാഴ്ചയെയും വാരാന്ത്യ അവധിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കുക. ഇതോടെ ഔദ്യോഗിക പ്രവർത്തനം ജനുവരി 5 തിങ്കളാഴ്ചയാണ് പുനരാരംഭിക്കുക. എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ക്രമീകരണം ബാധകമല്ലെന്നും അറിയിച്ചു.
അതേസമയം, ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജനുവരി 1-ന് ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി നൽകുമെന്നും, ജനുവരി 2 വെള്ളിയാഴ്ച റിമോട്ട് വർക്ക് ദിനമായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2026-ലെ ആദ്യത്തെ ശമ്പളമുള്ള അവധി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പുതുവത്സര ആഘോഷങ്ങൾക്ക് ആവേശം വർധിക്കുകയാണ്. പ്രവാസികളും വിനോദസഞ്ചാരികളും യുഎഇയിലുടനീളം അരങ്ങേറുന്ന കരിമരുന്ന് പ്രയോഗങ്ങളും ലൈറ്റ് ഷോകളും കാണാൻ ഒരുങ്ങുകയാണ്. റാസൽഖൈമയിൽ ആറു കിലോമീറ്റർ നീളമുള്ള തീരദേശത്ത് ഏകദേശം 15 മിനിറ്റ് നീണ്ടുനിൽക്കുന്ന വിപുലമായ കരിമരുന്ന് പ്രയോഗമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2,300-ത്തിലധികം ഡ്രോണുകൾ, പൈറോടെക്നിക്സ് സംവിധാനങ്ങൾ, ലേസർ ഷോകൾ എന്നിവ ഉപയോഗിച്ചുള്ള ഈ പരിപാടിയിലൂടെ ഏറ്റവും വലിയ ഒറ്റ കരിമരുന്ന് വിക്ഷേപിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
രൺവീർ സിങ്ങിന്റെ ധുരന്ദറിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടവിലക്ക്! കാരണം ഇതാണ്
ദുബായ്:രൺവീർ സിങ്ങ് നായകനായ സ്പൈ–ആക്‌ഷൻ ത്രില്ലർ ചിത്രം ‘ധുരന്ദർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി. പാക്കിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളതിനെ തുടർന്നാണ് ഈ വിലക്കെന്നാണ് റിപ്പോർട്ട്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് പ്രദർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമകൾക്ക് വലിയ പ്രേക്ഷക പിന്തുണയുള്ള ഗൾഫ് രാജ്യങ്ങളിലെ വിലക്ക് ‘ധുരന്ദറി’ന്റെ അണിയപ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായി ഇത് നിർമാതാക്കൾക്ക് വലിയ ആഘാതമാകും സൃഷ്ടിക്കുക.
ഇതിനു മുൻപും ‘ഫൈറ്റർ’, ‘സ്കൈ ഫോഴ്സ്’, ‘ദി ഡിപ്ലോമാറ്റ്’, ‘ആർട്ടിക്കിൾ 370’, ‘കശ്മീർ ഫയൽസ്’ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾക്കും സമാനമായി പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്ക് നേരിട്ടിട്ടുണ്ട്. ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആദിത്യ ധർ ആറ് വർഷത്തിന് ശേഷമാണ് ‘ധുരന്ദർ’ എന്ന ചിത്രവുമായി എത്തിയത്. രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply