പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി
137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയെ ‘ഒറ്റനോട്ടത്തിൽ’ ലോകത്തിനു മുന്നിൽ തുറന്നു; ദേശീയ ദിനത്തിൽ പ്രവാസി മലയാളിയുടെ എട്ടര മണിക്കൂർ ഡിജിറ്റൽ അത്ഭുതം
യുഎഇയുടെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ സാങ്കേതിക നേട്ടവുമായി ദുബായിൽ താമസിക്കുന്ന മലയാളി യുവാവ് മുഹമ്മദ് സബിർ (32) ശ്രദ്ധ നേടുന്നു. കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ സബിർ, എട്ടര മണിക്കൂറിനുള്ളിൽ 54 വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്ത് പൂർത്തിയാക്കിയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. യുഎഇയുടെ 54 വർഷത്തെ വളർച്ചയും പുരോഗതിയും പ്രതിനിധീകരിക്കുന്ന തരത്തിൽ ‘ഒരു വർഷം – ഒരു വെബ്‌സൈറ്റ്’ എന്ന ആശയത്തിലാണ് ഈ സംരംഭം നടപ്പാക്കിയത്. ഓരോ വെബ്‌സൈറ്റും രണ്ട് പേജുകളുള്ളതും യുഎഇയുടെ ചരിത്രം, സംസ്കാരം, പൈതൃകം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുമാണ് ഒരുക്കിയത്. സുസ്ഥിരത, പരിസ്ഥിതി, വിദ്യാഭ്യാസ ചരിത്രം, നയതന്ത്രം, സമുദ്ര വ്യാപാരം, യുവത്വം, കായികം, കല, സംഗീതം, സാഹിത്യം, വാസ്തുവിദ്യ, ഭക്ഷണം, ഉത്സവങ്ങൾ, ടൂറിസം തുടങ്ങി യുഎഇയെ സമഗ്രമായി പരിചയപ്പെടുത്തുന്ന വിഷയങ്ങളാണ് വിവിധ സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രധാന ഡൊമെയിനും 53 സബ് ഡൊമെയിനുകളും ഉപയോഗിച്ചാണ് ഈ ഡിജിറ്റൽ ശൃംഖല സജ്ജമാക്കിയിരിക്കുന്നത്.
യുഎഇയെ ഒരുനോട്ടത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഈ വെബ്‌സൈറ്റുകൾ രാജ്യത്തിന്റെ നവീന ആശയങ്ങളെയും ഡിജിറ്റൽ മുന്നേറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മുഹമ്മദ് സബിർ പറയുന്നു. ദേശീയ ദിനത്തിൽ രാജ്യത്തിന് അർഥവത്തായൊരു സംഭാവന നൽകണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെ നയിച്ചതെന്നും, 54 വെബ്‌സൈറ്റുകൾ 54 വർഷങ്ങളോടുള്ള ആദരവാണെന്നും അദ്ദേഹം വ്യക്തമാക്കി. 8.5 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റുകൾ പൂർത്തിയാക്കിയ മുഴുവൻ പ്രക്രിയയും തത്സമയ വീഡിയോ, സ്ക്രീൻ റെക്കോർഡിംഗ്, ടൈമർ തെളിവുകൾ എന്നിവയോടെ രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യാന്തര റെക്കോർഡ് ബുക്കുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും, ഇതിനകം കേരള ബുക്ക് ഓഫ് റെക്കോർഡ്സ്, കലാംസ് വേൾഡ് റെക്കോർഡ്, ഇൻഫ്ലുവൻസർ വേൾഡ് റെക്കോർഡ്, അമേരിക്കൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്, യൂണിറെക് വേൾഡ് റെക്കോർഡ്, ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, മാജിക് ബുക്ക് ഓഫ് റെക്കോർഡ് എന്നിവ നേടുകയും ചെയ്തു. അടുത്ത ലക്ഷ്യം ഇന്ത്യ, ഏഷ്യ റെക്കോർഡുകളും തുടർന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡുമാണ്.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ മുഹമ്മദ് സബിർ, നാട്ടിൽ സ്റ്റീൽ ബിസിനസ് നടത്തിയ ശേഷം രണ്ടുവർഷം മുൻപാണ് യുഎഇയിലെത്തിയത്. നിലവിൽ ബർദുബായിൽ ടൈപ്പിങ് സെന്റർ നടത്തുന്നതിനൊപ്പം വെബ്‌സൈറ്റ് ഡിസൈനിംഗിലും സജീവമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഈ പദ്ധതി യാഥാർഥ്യമാക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൂന്ന് വർഷത്തേക്ക് വെബ്‌സൈറ്റുകൾ നിലനിർത്താൻ ഏകദേശം ഒരു ലക്ഷം രൂപ മതിയാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനകം തന്നെ സൈറ്റുകൾക്ക് ശ്രദ്ധ ലഭിച്ചുതുടങ്ങിയതായും, സന്ദർശക കണക്കുകൾ വിലയിരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഈ ശ്രമം യുഎഇ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടണമെന്ന ആഗ്രഹവും സബിർ പങ്കുവച്ചു. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വളർച്ചയ്ക്കും അറിവിലേക്കുള്ള പ്രവേശനത്തിനും സഹായകമായ ഈ സംരംഭം, യുവാക്കളുടെ കഴിവുകൾക്ക് യുഎഇ നൽകുന്ന പ്രോത്സാഹനത്തിന്റെ ഉദാഹരണമായി മാറുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply