ഖത്തറിൽ വിമാന സർവീസുകളും യാത്രക്കാരും കൂടുന്നു

നവംബർ മാസത്തിൽ ഖത്തറിന്റെ വ്യോമയാന മേഖല സ്ഥിരതയുള്ള വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ ഒഴുക്ക്, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആഗോള ട്രാൻസിറ്റും ടൂറിസവും കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങൾ പ്രകാരം, നവംബർ മാസത്തിൽ നടത്തിയ വിമാന സർവീസുകൾ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് 24,020 ആയി. 2024 നവംബറിൽ ഇത് 22,610 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വൻ മുന്നേറ്റമാണ് ഉണ്ടായത്. 8.1 ശതമാനം വർധനയോടെ 2025 നവംബറിൽ 45.75 ലക്ഷം പേർ വിമാനയാത്ര നടത്തിയപ്പോൾ, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും കൂടി 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

ഈ നേട്ടങ്ങൾ ആഗോളവും പ്രാദേശികവുമായ വ്യോമയാന വളർച്ചയുടെ പ്രവണതകളുമായി ഒത്തുചേരുന്നതാണെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫി പറഞ്ഞു. ആഗോളതലത്തിൽ യാത്രക്കാരുടെ ആവശ്യകത എട്ട് ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെങ്കിലും, ഫ്ലൈറ്റ് കപ്പാസിറ്റിയിലെ വർധന ഏകദേശം 5.7 ശതമാനത്തിലൊതുങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കൈവരിച്ചത് പ്രവർത്തന കാര്യക്ഷമതയും വരുമാന വർധനയും സൂചിപ്പിക്കുന്നതാണെന്നും, ഇതിലൂടെ യൂണിറ്റ് ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അൽഖലീഫി വിശദീകരിച്ചു. സമീപകാല മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നവംബർ മാസത്തെ പ്രകടനം ഏറ്റവും ശക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാരുടെ ഉയർന്ന ആവശ്യം, റെക്കോർഡ് ലോഡ് ഫാക്ടർ, നിയന്ത്രിതമായെങ്കിലും സ്ഥിരതയുള്ള കപ്പാസിറ്റി വർധന എന്നീ ഘടകങ്ങളാണ് ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം കൂടുതൽ ശക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ എയർവേസിന്റെ നെറ്റ്‌വർക്ക് വിപുലീകരണവും ആഫ്രിക്കയും ഏഷ്യയും കേന്ദ്രീകരിച്ചുള്ള കോഡ്‌ഷെയർ പങ്കാളിത്തങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധം വിപുലമാക്കിയതായും വിലയിരുത്തുന്നു.

വ്യോമയാന മേഖല ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് അൽഖലീഫി വ്യക്തമാക്കി. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവ വഴി നേരിട്ടുള്ള നേട്ടങ്ങൾ ലഭിക്കുന്നതോടൊപ്പം, ടൂറിസം, ഹോട്ടൽ മേഖല, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മീറ്റിംഗ്–ഇവന്റ് മേഖലകൾ എന്നിവയ്ക്കും യാത്രക്കാരുടെ വർധന ഗുണകരമാകുന്നു. തൊഴിൽ സൃഷ്ടിയും അനുബന്ധ വരുമാനവും പരോക്ഷ നേട്ടങ്ങളായി മാറുന്നു.

കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഇത് വിദേശ നിക്ഷേപവും വ്യാപാരവും ആകർഷിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണക്കുകൾ ഖത്തറിന്റെ ദീർഘകാല ഗതാഗത–സാമ്പത്തിക വൈവിധ്യവത്കരണ ലക്ഷ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്നും, ഖത്തർ നാഷണൽ വിഷൻ 2030-ലേക്കുള്ള മുന്നേറ്റത്തിന് ഇത് ശക്തമായ പിന്തുണ നൽകുന്നതായും വിലയിരുത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *