ഖത്തറിലെ നാളത്തെ കാലാവസ്ഥ ഇങ്ങനെ; മഴയ്ക്ക് സാധ്യത

ഖത്തറിൽ വീണ്ടും മഴ സജീവമാകാനൊരുങ്ങുകയാണ്. ഡിസംബർ 12, 2025 മുതൽ അടുത്ത ആഴ്ച മുഴുവൻ രാജ്യത്ത് മേഘാവരണം കൂടുകയും പല പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യത ഉയരുകയും ചെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലുള്ള മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിസംബർ 11 മുതൽ 13 വരെ രാജ്യത്ത് ഇടയ്ക്കിടെ മേഘാവരണം അനുഭവപ്പെടും. പ്രത്യേകിച്ച് വെള്ളിയാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ശനിയാഴ്ച ഭാഗിക മേഘാവരണവും ചില ഭാഗങ്ങളിൽ ചിതറിയ മഴയും തുടർന്നുണ്ടാകാമെന്ന് റിപ്പോർട്ട്.

താപനില 21°C മുതൽ 28°C വരെയായിരിക്കും. വെള്ളിയാഴ്ച വടക്കുകിഴക്കൻ ദിശയിൽ നിന്ന് 5–15 നോട്ട് വേഗതയിലാണ് കാറ്റ് വീശുക. ശനിയാഴ്ച വടക്ക്–വടക്കുകിഴക്ക് ദിശയിൽ നിന്നുള്ള കാറ്റിന്റെ വേഗത 5–15 നോട്ട് ആയിരിക്കും, എന്നാൽ മഴ സമയത്ത് ഇത് 30 നോട്ട് വരെ ശക്തിയാർജിക്കാം. കടലിൽ തിരമാലകൾ സാധാരണ 2–4 അടി ഉയരം മാത്രമായിരിക്കുമ്പോൾ, മഴയും കാറ്റും ശക്തമായാൽ 8 അടി വരെ ഉയരാൻ സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങളും കടലിൽ സഞ്ചാരികളുമെല്ലാം പരമാവധി ജാഗ്രത പാലിക്കണമെന്നും, അധികാരികളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ തുടർച്ചയായി നിരീക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിൽ ആരംഭിച്ച പുതിയ 25 ഓൺലൈൻ സർവീസുകൾ അറിയാം

മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) കാർഷിക മേഖലയിലെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 പുതിയ ഇ-സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗവും കാർഷികകാര്യ വിഭാഗവും ചേർന്നാണ് ഈ സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. പുതിയ സേവനങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.
പുതിയ ഇ-സേവനങ്ങൾ വളങ്ങൾ, വിത്തുകൾ, കീടനാശിനികൾ എന്നിവയുടെ ഇറക്കുമതി–കയറ്റുമതി, നിർമ്മാണം, കൈകാര്യം ചെയ്യൽ എന്നിവയ്ക്കുള്ള ലൈസൻസിംഗ്, കൂടാതെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ, പുതുക്കൽ എന്നീ പ്രധാന മേഖലയിലുകളെ ഉൾക്കൊള്ളുന്നു.

അതിനുപുറമെ, കാർഷിക പരിശോധനകൾ, വർഗ്ഗീകരണ അപേക്ഷകൾ, കർഷകരിൽ നിന്ന് പ്രാദേശിക ഈത്തപ്പഴം വാങ്ങൽ സംവിധാനങ്ങൾ എന്നിവയും ഓൺലൈനിലൂടെ ചെയ്യാവുന്ന തരത്തിൽ പുതുക്കിയിട്ടുണ്ട്. ഫീൽഡ് പരീക്ഷണങ്ങൾ നിയന്ത്രിക്കുന്നത്, സാങ്കേതിക സൂപ്പർവൈസർമാരുടെ മേൽനോട്ടം, നിയന്ത്രിത വളങ്ങളുടെ വിതരണ നിരീക്ഷണം, താപ ചികിത്സാ യൂണിറ്റുകൾക്ക് (സ്റ്റാൻഡേർഡ് 15) ലൈസൻസ് നൽകൽ എന്നിവയും പുതിയ സേവന പാക്കേജിൽ ഉൾപ്പെടുത്തി. മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, ഉപയോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക, അനാവശ്യ പേപ്പർ നടപടികൾ ഒഴിവാക്കുക, അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലാക്കുക, ദേശീയ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ കാർഷിക മേഖലയെ ആധുനികമാക്കുക എന്നിവയാണ് ഈ ഇ-മാറ്റങ്ങളുടെ പ്രധാന ഉദ്ദേശം.

പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും, ഏത് സമയത്തും സേവനങ്ങൾക്ക് അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനും കഴിയും. സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്യണം, തുടർന്ന് ഇലക്ട്രോണിക് സർക്കീസ് വിഭാഗത്തിൽ നിന്ന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *