അടിയന്തരമായി നിലത്തിറക്കാൻ ഒരുങ്ങി യുഎഇ വിമാനം; ഇന്ത്യൻ ഡോക്ടർമാർ രക്ഷകരായി, എയർഹോസ്റ്റസിന് പുതുജീവൻ

ദുബായ്: അബുദാബിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് അബോധാവസ്ഥയിലായ എയർഹോസ്റ്റസിന് സഹായവുമായി ഇന്ത്യൻ ഡോക്ടർമാർ. വിമാനം അടിയന്തരമായി നിലത്തിറക്കേണ്ട സാഹചര്യം ഒഴിവാക്കി മിന്നൽ വേഗത്തിലുള്ള ഇടപെടലിലൂടെ എയർഹോസ്റ്റസിന്റെ ജീവൻ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള മൂന്ന് ഡോക്ടർമാരാണ് ഈ നിർണ്ണായക സമയത്ത് സഹായത്തിനെത്തിയത്.

ദുബായിലെ ഒരു മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഡോ. രാജീവ് ചെന്നൈ, ഡോ. നാഗേശ്വര റെഡ്ഡി, ഡോ. സായി സത്യ മൂർത്തി എന്നിവരാണ് യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്നത്. അസുഖം വന്ന എയർഹോസ്റ്റസ് അബോധാവസ്ഥയിലായതിനെ തുടർന്ന് സഹായത്തിനായി വിമാനത്തിൽ അറിയിപ്പ് നൽകി. ഉടൻ തന്നെ ഇന്ത്യൻ ഡോക്ടർമാർ വൈദ്യസഹായം നൽകാനായി എത്തി. അബോധാവസ്ഥയിലായ ജീവനക്കാരിയെ ഉടൻ പരിശോധിച്ച ഡോക്ടർമാർ രക്തസമ്മർദ്ദം താഴ്ന്ന നിലയിലാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്തിലെ എമർജൻസി കിറ്റിൽ ലഭ്യമായ മരുന്നുകളും ഉപകരണങ്ങളും ഉപയോഗിച്ച് ഡോക്ടർമാർ ചികിത്സ ആരംഭിച്ചു. പൾസ് നിരക്ക് മെച്ചപ്പെടുത്തുന്നതിനായി ഇഞ്ചക്ഷൻ നൽകുകയും, തുടർന്ന് ഓക്സിജൻ നൽകുകയും ചെയ്തു. കൃത്യസമയത്തുള്ള ഇടപെടലിന്റെ ഫലമായി എയർഹോസ്റ്റസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തി. എയർഹോസ്റ്റസിന് ബോധം തിരികെ ലഭിച്ചതോടെ വിമാനം വഴിതിരിച്ചുവിടുകയോ അടിയന്തരമായി നിലത്തിറക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവായി. യാത്ര പൂർത്തിയാക്കിയ ശേഷം ഡോക്ടർമാർക്ക് വിമാനത്തിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നന്ദി അറിയിച്ചു. സഹായം നൽകിയ ഡോക്ടർമാരെ അഭിനന്ദിച്ച് ഇത്തിഹാദ് എയർവേയ്‌സും രംഗത്തെത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

നിയമലംഘകർ ശ്രദ്ധിക്കുക! യുഎഇയിൽ അനധികൃത താമസത്തിന് കോടികളുടെ പിഴ; ‘സഹായം നൽകിയാലും കുടുങ്ങും’

യുഎഇയിൽ താമസവും കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സർക്കാർ. തൊഴിൽ വിപണിയിലെ സുരക്ഷ ഉറപ്പാക്കുകയും നിയമലംഘനങ്ങൾ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശിക്ഷാനിയമങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്കും അവരെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി. രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവർക്കോ താമസിക്കുന്നവർക്കോ താമസ സൗകര്യം നൽകുക, ജോലി ലഭ്യമാക്കുക, വീസ തട്ടിപ്പുകളിൽ പങ്കാളിത്തം കാണിക്കുക എന്നീ പ്രവർത്തനങ്ങളെയാണ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളായി സർക്കാർ പരിഗണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ദേശീയ സുരക്ഷയ്ക്കും പൊതുക്രമത്തിനും ഭീഷണിയാണെന്ന് അധികാരികൾ വ്യക്തമാക്കി.

നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ സഹായിക്കുന്നതും കുറ്റകരമാണ്. ഒരു വ്യക്തിക്ക് താമസമോ മറ്റേതെങ്കിലും സഹായമോ നൽകിയാൽ കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴ ഈടാക്കും. ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളോ സംഘചട്ടക്കൂട് ഉപയോഗിച്ചുള്ള വീസ തട്ടിപ്പുകളോ കണ്ടെത്തുകയാണെങ്കിൽ രണ്ടു വർഷം തടവ് കൂടാതെ 50 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗിക രേഖകൾ–വീസ, താമസാനുമതി തുടങ്ങിയവ–വ്യാജമായി നിർമ്മിക്കുന്നത് ദേശീയ സുരക്ഷയ്‌ക്കെതിരെ ഉള്ള ഗുരുതര ഭീഷണിയായി കണക്കാക്കി കർശന നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കോടതികൾ ഇതുപോലുള്ള കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും വിധിച്ചതായി രേഖകളിൽ കാണപ്പെടുന്നു. വിസിറ്റ്/ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. വീസിറ്റ്, ടൂറിസ്റ്റ്, റെസിഡൻസ് വീസകൾ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതിരുന്നാൽ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണം എന്നതും നിയമം നിർദേശിക്കുന്നു.
ഇതോടെ, തൊഴിൽ വിപണി ദുരുപയോഗം ചെയ്യുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കുന്നവരെയും കനത്ത ശിക്ഷയിലൂടെ തടയുകയാണ് യുഎഇയുടെ ലക്ഷ്യം.

ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവ് മരിച്ച നിലയിൽ: യുഎഇയിലെത്തിയത് 8 മാസം മുൻപ്

ദുബായിലെ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫീഖ് (25) ആണ് ദുരന്തത്തിന് ഇരയായത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എട്ട് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്.
മരണ സാഹചര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനാണ് ഷെഫീഖ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *