എമിറേറ്റില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇനി എഐയുടെ നിയന്ത്രണത്തില്‍. അബുദാബിയിലെ ക്യു മൊബിലിറ്റി നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എഐ) പരീക്ഷിച്ചു. പാർക്കിങ് നിരീക്ഷിക്കുക, ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക, പാർക്കിങ് നിരക്കുകൾ ഓട്ടമാറ്റിക്കായി ഈടാക്കുക, പാർക്കിങ് സംബന്ധിച്ച് തത്സമയ വിവരങ്ങൾ ഉപയോക്താക്കൾക്കു നൽകുക തുടങ്ങിയ കാര്യങ്ങളാണ് എഐ സാങ്കേതിക സൗകര്യത്തിലൂടെ ചെയ്യുന്നത്. പാർക്കിങ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഇൻസ്പെക്ടർമാരുടെ വാഹനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എഐ മെഷീൻ സ്ഥാപിക്കുക. ഈ സ്മാർട്ട് വാഹനം സഞ്ചരിക്കുമ്പോൾ തന്നെ, പാർക്കിങുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കാൻ ചെയ്യുകയും വിവരങ്ങൾ തത്സമയം രേഖപ്പെടുത്തുകയും ചെയ്യും. ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നതോടെ പാർക്കിങ് കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിൽ തന്നെ എഐ ക്യാമറകൾ സ്ഥാപിക്കും. പാർക്കിങ്ങിലേക്കു കയറുന്ന വാഹനങ്ങളുടെ നമ്പറുകൾ സ്കാൻ ചെയ്യും. ഇറങ്ങി പോകുമ്പോൾ എത്ര സമയം പാർക്ക് ചെയ്തു എന്നതു കണക്കുകൂട്ടി അതിനനുസരിച്ചുള്ള നിരക്ക് ദർബ് പോലെയുള്ള പേയ്മെന്റ് ചാനലുകൾ വഴി ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t