യുഎഇയിലുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസ്സങ്ങൾ വരാം. ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കു സേവനദാതാക്കൾ വഴി പുതിയ മൊബൈൽ ഫോൺ, സ്മാർട്ട് ഉപകരണങ്ങൾ എന്നിവ വാങ്ങാനും കഴിയില്ല. ഇത്തിസലാത്ത്, ഡു മൊബൈൽ സേവനദാതാക്കൾ അവരുടെ ഉപഭോക്താക്കൾക്കു തവണ വ്യവസ്ഥയിൽ പുതിയ മൊബൈൽ ഫോൺ, ടാബ് ഉൾപ്പെടെ ഗാഡ്ജറ്റുകൾ നൽകുന്നുണ്ട്. ബിൽ അടയ്ക്കാത്തവർക്കു സൗകര്യങ്ങൾ നിഷേധിക്കപ്പെടും. രാജ്യത്തെ ബാങ്കുകളിൽ നിന്നു വ്യക്തിഗത വായ്പകൾ ലഭിക്കുന്നതിനും മറ്റു ധനസഹായങ്ങൾക്കും തടസ്സം നേരിട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ടെലിഫോൺ ബില്ലടക്കാതിരിക്കുന്നതു രാജ്യത്തു ക്രിമിനൽ കുറ്റമല്ലെങ്കിലും പരസ്പര കരാർ ബാധ്യതകളുടെ ലംഘനമായി കണക്കാക്കിയാണ് അനുബന്ധ നടപടികൾ എടുക്കുന്നത്. അതേസമയം, ഒരു വരിക്കാരനു ബില്ലടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ ഒഴിവാക്കാൻ അവസരമുണ്ട്. നിലവിലുള്ള പാക്കേജിനു പകരം പുതിയ പേയ്‌മെന്റ് പ്ലാനിന് അപേക്ഷിക്കാം. പിഴയില്ലാതെ തുക അടയ്ക്കുന്നതിനു ബിൽ തീയതി മുതൽ 15 ദിവസം വരെ ഗ്രേസ് പീരിയഡ് അനുവദിക്കുന്നുണ്ട്.
ഈ കാലയളവിനുള്ളിൽ പണമടച്ചില്ലെങ്കിൽ പ്രതിമാസം 25 ദിർഹം പിഴ ചുമത്തും. തുടർന്നു താൽക്കാലികമായി സേവനം നിർത്തിവയ്ക്കും. എന്നിട്ടും തുക അടയ്ക്കുന്നതിൽ കാലതാമസം തുടരുകയാണെങ്കിൽ മാത്രമാണു നിയമനടപടി സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പിഴയില്ലാതെ പ്രതിമാസ ബിൽ അടയ്ക്കുന്നതിനു പാക്കേജ് അനുസരിച്ച് ഡു ടെലികോം 14 മുതൽ 30 ദിവസം വരെ ഗ്രേസ് പീരിയഡ് നൽകുന്നുണ്ട്. നിയമ നടപടികൾ സ്വീകരിക്കുന്നതിനു ഇക്കാര്യം വരിക്കാരനെ മൊബൈൽ വഴിയും ഇമെയിൽ വഴിയും അറിയിക്കും.
യുഎഇയിൽ ബില്ലുകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരായ കേസുകൾ കോടതിയിൽ എത്തിയാൽ ബിൽ അടയ്ക്കുന്നതു വരെ രാജ്യം വിടാൻ സാധിക്കില്ല. വൻ തുക കുടിശികയാക്കിയവരുടെ പേരുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഭാവിയിൽ ബാങ്ക് വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ലഭിക്കില്ല.
ബിൽ അടയ്ക്കുന്നത് വൈകുന്നത് ഒഴിവാക്കാൻ
∙ഓട്ടോ പേ ഫീച്ചർ സജീവമാക്കുക, നിങ്ങളുടെ ബാങ്ക് കാർഡിൽ നിന്നോ അക്കൗണ്ടിൽ നിന്നോ, അവസാന ബിൽ തീയതി ആകുമ്പോൾ തന്നെ പ്രതിമാസം ബില്ലടയ്ക്കാനാണിത്.
∙ബിൽ എളുപ്പത്തിൽ കാണാനും അടയ്ക്കാനും പാക്കേജ് കാലഹരണപ്പെടുന്നതിനു മുൻപ് ഉപഭോഗം നിരീക്ഷിക്കാനും അനുവദിക്കുന്ന കമ്പനിയുടെ സ്മാർട്ട് ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്തുക.
∙പാക്കേജ് പരിധി കവിയുന്നത് ഒഴിവാക്കാൻ പ്രതിമാസ കോൾ, ഡേറ്റ ഉപയോഗം നിരീക്ഷിക്കണം. അധിക ബിൽ തടയുന്നതിന് ഇതുപകരിക്കും.
∙നിങ്ങളുടെ ബില്ലുകളുടെ ഒരു ഇലക്ട്രോണിക് പകർപ്പ് ആവശ്യപ്പെടുകയും അവ പ്രതിമാസം മെയിലിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. ഭാവിയിൽ തുടരന്വേഷണത്തിന് അതു സൂക്ഷിക്കുക.
∙പണമടയ്ക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്നുണ്ടെങ്കിൽ കമ്പനിയുടെ കോൾ സെന്ററിൽ വിളിച്ചു സാവകാശം അഭ്യർഥിക്കണം. അല്ലെങ്കിൽ ഗഡുക്കളായി അടക്കാനുള്ള അവസരവും ചോദിക്കാം.
∙റിങ്ടോണുകൾ അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം പോലുള്ള അധിക സേവനങ്ങളൊന്നും സജീവമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ബില്ലുകൾ പരിശോധിക്കുക.
∙മുൻ മാസങ്ങളിലെ കുടിശികയിലേക്ക് അടച്ച തുക പോയിട്ടില്ലെന്ന് ഉറപ്പാക്കണം
∙ബില്ലുകളും കമ്പനി അറിയിപ്പുകളും കൃത്യസമയത്തു ലഭിക്കുന്നതിന് കമ്പനിക്കു പുതിയ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും നൽകുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t