നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ‘‘ഇപ്പോൾ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പിലാക്കണം. ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. ക്രൂരമായ കൊലപാതകം മാത്രമല്ല, ഈ കേസ് ഇത്രയും നീണ്ടുപോയതു വിഷമമുണ്ടാക്കി’’– സഹോദരൻ പറഞ്ഞു.
കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിക്കുകയാണെന്നും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ കാരണത്തിന്റെ പേരിലായാലും ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനാകില്ല. കൊലപാതകം മാത്രമല്ല, മൃതദേഹം കഷ്ണങ്ങളാക്കി മറവു ചെയ്യുകയും ചെയ്തുവെന്നും സഹോദരൻ വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സഹോദരന്റെ പ്രതികരണം പുറത്തുവന്നത്. സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലിനു പിന്നാലെ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയാറായെന്ന് സൂചനയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന വധശിക്ഷ നീട്ടിവച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t