ദോഹ: പ്രകൃതിവാതക ഉൽപാദനത്തിൽ 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനമാണ് ഖത്തറിന്റെ കുതിപ്പിന് കാരണം. പ്രതിവർഷം 142 മെട്രിക് ടൺ പ്രകൃതിവാതകം ഉൽപാദിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. ഊർജ മേഖലയിലെ റിസർച്ച് സ്ഥാപനമായ റിസ്റ്റാഡിന്റെ പഠനങ്ങൾ പ്രകാരം അടുത്ത അഞ്ച് വർഷം കൊണ്ട്
ഖത്തർ വൻകരയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉൽപാദകരാകും. 2024 ൽ 77.23 മെട്രിക് ടൺ എൽഎൻജിയാണ് ഖത്തർ ഉൽപാദിപ്പിച്ചത്. നോർത്ത് ഫീൽഡ് ഈസ്റ്റ്, നോർത്ത് ഫീൽഡ് സൗത്ത് പദ്ധതികളിൽ നിന്ന് പൂർണ തോതിലുള്ള ഉൽപാദനം സാധ്യമാകുന്നതോടെ 2027 ൽ ഇത് 126 മെട്രിക് ടണ്ണാകും, കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നോർത്ത് ഫീൽഡ് വെസ്റ്റിൽ നിന്ന് 2030 ൽ ഉൽപാദനം തുടങ്ങും. ഇതോടെ ഉൽപാദനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം വർധിച്ച് 142 മെട്രിക് ടണ്ണിലെത്തും. നിലവിൽ 16 ബില്യൺ ക്യുബിക് അടിയാണ് ഖത്തറിന്റെ പ്രതിദിന ഉൽപാദനം, ഇറാന്റേത് 25 ബില്യൺ ക്യുബിക് അടിയും. നിലവിൽ ആസൂത്രണം ചെയ്ത വികസന പ്രവർത്തനങ്ങൾ നടപ്പായാൽ ഖത്തറിന് ഇറാനെ മറികടക്കാം.
ആഗോള പ്രകൃതി വാതക കയറ്റുമതിയിൽ 18.8 ശതമാനം ഖത്തറിന്റെ സംഭാവനയാണ്. യുക്രൈൻ യുദ്ധത്തോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള പ്രകൃതി വാതകം വാങ്ങുന്നത് നിർത്തിയിരുന്നു. ഇതോടെ ഖത്തറിന്റെ എൽഎൻജിയ്ക്കുള്ള ആവശ്യകത കൂടി. ചൈനയാണ് ഖത്തറിന്റെ പ്രധാന വിപണി. ഇന്ത്യയടക്കമുള്ള ഇതര ഏഷ്യൻ രാജ്യങ്ങളിലേക്കും ഖത്തർ പ്രകൃതി വാതകം വിതരണം ചെയ്യുന്നുണ്ട്. ഈ വർഷാവസാനത്തോടെ ഇതര ഏഷ്യൻ രാജ്യങ്ങളെല്ലാം ചേർന്ന് ഉൽപാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ എൽഎൻജി മിഡിലീസ്റ്റിൽ നിന്ന് ഉൽപാദിപ്പിക്കുമെന്നും റിസ്റ്റാഡ് എനർജിയുടെ പഠനം പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA