Posted By christymariya Posted On

ആശങ്കകൾക്ക് വിട, എല്ലാ വിവരങ്ങളും കിറുകൃത്യം അറിയാം; EV ഉപയോക്താക്കൾക്കായി ‘സൂപ്പർ ആപ്പ്’ വരുന്നു

ഇലക്ട്രിക് വാഹനം ഉപയോ​ഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജ്ജിങ്ങ് സംബന്ധിച്ച ആശങ്ക. ചാർജ്ജിങ്ങ് സ്റ്റേഷനുകൾ, പേയ്മെന്റ് രീതികൾ, സമയം എന്നിവയെല്ലാം ഇവി യൂസർമാരെ അലട്ടുന്ന കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കി, ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യമെമ്പാടുമുള്ള ഇലക്ട്രിക് വാഹന (ഇ.വി.) ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ലക്ഷ്യമിട്ട്, ഒരു ഓൾ-ഇൻ-വൺ ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാനുള്ള പദ്ധതികൾക്കാണ് കേന്ദ്രം ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
ഈ ഏകീകൃത ഡിജിറ്റൽ സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിന്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ (ബി.എച്ച്.ഇ.എൽ.) നോഡൽ ഏജൻസിയായി പരിഗണിക്കുന്നു എന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. നിർദിഷ്ട ആപ്പ് ഇ.വി. ഉപയോക്താക്കൾക്ക് വിവിധ അവശ്യ സേവനങ്ങൾ നൽകുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും.

സുസ്ഥിര ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഇ.വി. സജ്ജമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിലുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. രാജ്യത്തുടനീളം ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ബി.എച്ച്.ഇ.എൽ. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിക്കും.

സൂപ്പർ ആപ്പിന്റെ പ്രധാന സവിശേഷതകൾ

ചാർജിങ്ങ് സ്ലോട്ടുകൾ തത്സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം
സംയോജിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ
ചാർജറുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ
പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിൽ രാജ്യത്തുടനീളമുള്ള വിന്യാസത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡുകൾ
പി.എം. ഇ-ഡ്രൈവ് സ്കീമിന്റെ സവിശേഷതകൾ

ഈ പദ്ധതിക്ക് ആകെ 2,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി ഏകദേശം 72,000 പൊതു ഇ.വി. ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഇത് പിന്തുണ നൽകും. 50 ദേശീയപാത ഇടനാഴികളിലും മെട്രോ നഗരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ പമ്പുകൾ, സംസ്ഥാന പാതകൾ, ടോൾ പ്ലാസകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും ഈ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *