Posted By christymariya Posted On

ജോലി ചെയ്യുമ്പോൾ മാസം 500 രൂപ വീതം മാറ്റിവെക്കാമോ? റിട്ടയർമെന്റ് സമ്പാദ്യമായി 1.65 കോടി നേടാം; എങ്ങനെ?

ഇനിയുള്ള കാലത്ത് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളെയും വ്യക്തി​ഗത സമ്പാദ്യത്തെയും മാത്രം ആശ്രയിച്ച്, ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നത് അത്ര പ്രായോ​ഗിക സമീപനമായിരിക്കില്ല. ജീവിത ചെലവുകളും ആവശ്യങ്ങളും വർധിക്കുന്നതിനാൽ മികച്ച റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിന് മുൻപില്ലാത്ത പ്രാധാന്യവും പ്രസക്തിയും വർധിക്കുകയാണ്. നിക്ഷേപം എത്രയും നേരത്തെ തുടങ്ങിയാൽ വൻ നേട്ടം എങ്ങനെ കരസ്ഥാമാക്കാമെന്ന് നോക്കാം.വർഷങ്ങളോളം കഷ്ടപ്പെട്ടതിന്റെയും അധ്വാനിച്ചതിന്റെയും ഗുണഫലങ്ങൾ ആസ്വദിക്കുവാനും തുടർന്നുള്ള സമയം വിശ്രമത്തിനും ആനന്ദകരമാക്കുവാനും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിലെ നിർണായകമായൊരു കാലഘട്ടമാണ് റിട്ടയർമെന്റ് ജീവിതം. സാമ്പത്തിക സാഹചര്യങ്ങൾ അനുദിനം മാറിമറിയുന്ന ഇന്നത്തെ കാലത്ത്, റിട്ടയർമെന്റ് ജീവിതത്തിൽ സ്വസ്ഥമായി കഴിയാനുള്ള സമ്പാദ്യം കരുപ്പിടിപ്പിക്കാൻ യഥാസമയം നിക്ഷേപം നടത്തേണ്ടത് അനിവാര്യമായ സംഗതിയുമാകുന്നു.ഈയൊരു പശ്ചാത്തലത്തിൽ റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിലേക്ക് ദീർഘകാല നിക്ഷേപത്തിനുള്ള മാർഗങ്ങളിലൊന്നായി പരിഗണിക്കാവുന്നവയാണ് മ്യൂച്ചൽ ഫണ്ടുകൾ. തികഞ്ഞ അച്ചടക്കവും ശ്രദ്ധയും പുലർത്തിയാൽ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നവയാണിത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തിയാൽ, താരതമ്യേന കുറഞ്ഞ ചെലവിലും ഫ്ലെക്സിബിലിറ്റിയിലും കോമ്പൗണ്ടിങ്ങിന്റെ ആനുകൂല്യവും നേടി നിക്ഷേപം ഗണ്യമായ രീതിയിൽ വളരാനും സഹായിക്കും.

പ്രതിമാസ എസ്ഐപി 500 രൂപ വീതം

ഇപ്പോൾ 25 വയസ്സുള്ള ഒരു വ്യക്തി പ്രതിമാസം 500 രൂപ വീതം എസ്ഐപി രീതിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷത്തേക്ക് ശരാശരി 15 ശതമാനം വീതം വാർഷിക വളർച്ച കൈവരിക്കാനും കഴിയുന്നുവെന്ന് കരുതുക. നിക്ഷേപം ആരംഭിച്ചതിനു ശേഷം ഓരോ വർഷം പൂർത്തിയാകുമ്പോഴും 10 ശതമാനം വീതം പ്രതിമാസ എസ്ഐപി തുകയിൽ വർധനയും നടപ്പാക്കുക. എങ്കിൽ 60-ാം വയസ്സിൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് 1.65 കോടി രൂപ സമ്പാദ്യമായി സ്വരൂപിച്ചിട്ടുണ്ടാകും.

പ്രതിമാസ എസ്ഐപി 5,000 രൂപ വീതം

മേൽസൂചിപ്പിച്ചതിനു സമാനമായി 25 വയസ്സുള്ള ഒരു വ്യക്തി മാസംതോറും 5,000 രൂപ വീതം മ്യൂച്ചൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കാനായി തീരുമാനിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷക്കാലയളവിൽ 15 ശതമാനം നിരക്കിൽ ശരാശരി വാർഷിക വളർച്ച കൈവരിക്കാനും സാധിച്ചുവെന്ന് കരുതുക. ഇതിന് പുറമെ ഓരോ വർഷം കഴിയുന്തോറും 10 ശതമാനം വീതം എസ്ഐപി തുകയിൽ വർധനയും വരുത്തുത. എങ്കിൽ അദ്ദേഹത്തിന്റെ 60-ാം വയസ്സിൽ 16.50 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം സ്വന്തമാകും.

പ്രതിമാസ എസ്ഐപി 10,000 രൂപ വീതം

നിലവിൽ 25 വയസ്സുള്ള വ്യക്തി പ്രതിമാസം 10,000 രൂപ വീതം എസ്ഐപി ശൈലിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തെരഞ്ഞെടുത്തുവെന്ന് കരുതുക. തുടർന്നുള്ള 35 വർഷത്തേക്ക് ശരാശരി 15 ശതമാനം നിരക്കിൽ വാർഷിക ആദായം നേടാനും കഴിയുന്നുവെന്ന് കരുതുക. കൂടാതെ ഓരോ വർഷം പൂർത്തിയാകുമ്പോഴും എസ്ഐപി തുകയിൽ 10 ശതമാനം വർധനയും നടപ്പാക്കുക. എങ്കിൽ ആ വ്യക്തിയുടെ 60-ാം വയസ്സിൽ 33.10 കോടി രൂപ റിട്ടയർമെന്റ് സമ്പാദ്യമായി കരഗതമാകും.

എങ്ങനെ തെരഞ്ഞെടുക്കണം?

ഇക്വിറ്റി മ്യൂച്ചൽ ഫണ്ട് : ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യം.
ഹൈബ്രിഡ് & ഡെറ്റ് ഫണ്ട് : അധികം റിസ്ക് എടുക്കാൻ ശേഷിയും താത്പര്യവുമില്ലാത്ത നിക്ഷേപകർക്ക്.
നികുതി നേട്ടം : ആദായ നികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവ് നേടേണ്ടവർക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇഎൽഎസ്എസ്) ഉപകാരപ്പെടും.
അതേസമയം വിപണിയിലേക്ക് പ്രവേശിക്കാനും നിക്ഷേപം ആരംഭിക്കുവാനും നല്ല മുഹൂർത്തം നോക്കിയിരുന്ന് അവസരം പാഴാകാതിരിക്കാൻ എസ്ഐപി ഉപകാരപ്പെടും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *