
മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെ? ഈ ടൂളുകൾ പരീക്ഷിച്ചോളൂ!
ഇന്ന് പ്രായഭേദമന്യേ സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് നമ്മൾ.എന്നാൽ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടത് അവരുടെ മാനസീക,ശാരീരിക ആരോഗ്യത്തിന് അത്യാവശ്യമാണ്.എന്നാൽ മാതാപിതാക്കളുടെ ഇടപെടലുകളെ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് പല കുട്ടികളും കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ താഴെ പറയുന്ന ഈ നാല് ടൂളുകൾക്ക് കഴിയും.
ടേക്ക് എ ബ്രേക്ക് ഫീച്ചർ
ഇൻസ്റ്റഗ്രാമിൽ സ്‌ക്രോൾ ചെയ്തിരിക്കുമ്പോൾ സമയം പോകുന്നത് അറിയുകയില്ല. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുന്നതിന് ഇടവേളയെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയപരിധിയിൽ കൂടുതൽ ഇൻസ്റ്റഗ്രാമിൽ സ്‌ക്രോൾ ചെയ്യുമ്പോൾ ഒരു ഇടവേളയെടുക്കണമെന്ന് ഇൻസ്റ്റഗ്രാം തന്നെ നമ്മളെ ഓർമ്മിപ്പിക്കും. ആവശ്യാനുസരണമുള്ള സമയപരിധി ഓപ്ഷൻ നമുക്ക് തെരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാൽ സ്‌ക്രീനിൽ ഒരു റിമൈന്റർ മെസേജ് പ്രത്യക്ഷപ്പെടുകയും ഇടവേളയെടുക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. ഈ സംവിധാനം ഉപയോഗിച്ച് കൗമാരക്കാരിലെ ഇൻസ്റ്റഗ്രാം സ്‌ക്രോളിംഗിന് നിയന്ത്രണമേർപ്പെടുത്താൻ സാധിക്കും.
ക്വയറ്റ് മോഡ്
സോഷ്യൽ മീഡിയയിൽ നിന്ന് കൗമാരക്കാരെ നിയന്ത്രിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ക്വയറ്റ് മോഡ്(Quiet mode). ഇൻസ്റ്റഗ്രാം ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. 12 മണിക്കൂർ വരെ നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്ത് വെയ്ക്കാൻ ഇതിലൂടെ സാധിക്കും. അതിലൂടെ രാത്രി വൈകിയും പഠന സമയത്തും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കും. ക്വയറ്റ് മോഡ് ഓൺ ആക്കുമ്പോൾ ഇൻബോക്‌സിലൂടെ ആരെങ്കിലും ബന്ധപ്പെടാൻ ശ്രമിച്ചാൽ നിങ്ങൾ ക്വയറ്റ് മോഡിലാണെന്ന് അവർക്ക് ഓട്ടോമാറ്റിക്കായി റിപ്ലെ അയയ്ക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. രാത്രി വളരെവൈകി കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നൈറ്റ് നഡ്ജ്
രാത്രി വളരെവൈകിയും ഇൻസ്റ്റഗ്രാമിൽ റീലുകളും മറ്റും ആസ്വദിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത്തരക്കാരുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാനുള്ള ഫീച്ചറാണ് നൈറ്റ് നഡ്ജ്. രാത്രി വൈകി കുട്ടികൾ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുമ്പോൾ നൈറ്റ് നഡ്ജ് ഫീച്ചർ പ്രവർത്തിക്കും. ശേഷം കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ഇവർക്ക് നൽകും. ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കും. കൃത്യസമയത്ത് ഉറങ്ങേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാനും ഈ ഫീച്ചർ സഹായിക്കും.
പാരന്റൽ സൂപ്പർവിഷൻ
കുട്ടികൾ അയയ്ക്കുന്നതും അവർക്ക് ലഭിക്കുന്നതുമായ സന്ദേശങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ധാരണ ലഭിക്കാൻ സഹായിക്കുന്ന ഇൻസ്റ്റഗ്രാമിലെ ഒരു ഫീച്ചറാണ് പാരന്റൽ സൂപ്പർവിഷൻ. നിങ്ങളുടെ കുട്ടികൾ എത്രസമയം ഇൻസ്റ്റഗ്രാമിൽ ചിലവഴിക്കുന്നു, ആരോടൊക്കെ ചാറ്റ് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും. കുട്ടികൾ ആരോടെല്ലാം ചാറ്റ് ചെയ്യണമെന്ന് ഈ ഫീച്ചർ വഴി നിങ്ങൾക്ക് തീരുമാനിക്കാനും സാധിക്കും. കുട്ടികൾ ഓൺലൈനിൽ വരുമ്പോൾ അതുമായി ബന്ധപ്പെട്ട അറിയിപ്പും ഈ ഫീച്ചറിലൂടെ മാതാപിതാക്കൾക്ക് ലഭിക്കും.
Comments (0)