മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ: പദ്ധതി അടുത്തയാഴ്ച മുതല്‍, കൂടുതലറിയാം…

മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. രാജ്യവ്യാപകമായി ആരംഭിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക. പദ്ധതിയില്‍ ചേരാന്‍ യോഗ്യരായവര്‍ ആയുഷ്മാന്‍ മൊബൈല്‍ ആപ്പ് വഴിയോ പിഎംജെവൈ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കേണ്ടതുണ്ട്. 70 വയസ്സോ അതിന് മുകളിലോ ഉള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പ്രായം സ്ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി ആധാര്‍ കാര്‍ഡ് ആവശ്യമാണ്.

പദ്ധതിയില്‍ ചേര്‍ന്നാല്‍ കാത്തിരിപ്പ് കാലയളവില്ലാതെ ഉടനെതന്നെ ആരോഗ്യ പരിരക്ഷ ലഭിക്കും. രജിസ്‌ട്രേഷനും കൈവൈസി നടപടിക്രമങ്ങള്‍ക്കും ശേഷം വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. നിശ്ചിത പ്രായത്തിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കുമായി പ്രതിവര്‍ഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഒരാള്‍ക്ക് 1,102 രൂപയാണ് വാര്‍ഷിക പ്രീമിയം. 60ശതമാനം വിഹിതം കേന്ദ്ര സര്‍്ക്കാര്‍ നല്‍കും. 40 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും. നീതി ആയോഗ് സമിതിയുടെ ശുപാര്‍ശ പ്രകാരം കേന്ദ്രത്തിന്റെ പ്രീമിയം വര്‍ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 70 വയസ്സും അതിന് മുകളിലുള്ളവരെയും ചേര്‍ത്ത് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചത്. പ്രാരംഭ ചെലവുകള്‍ക്കായി 3,437 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top