
പാർക്കിങ്ങിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് കൊണ്ടത് ഇടതുകണ്ണിൽ; റെറ്റിനയിൽ വിടവ്, യുഎഇയിലെ അടിയന്തര ചികിത്സ തുണയായി
ക്രിക്കറ്റ് ബോൾ കൊണ്ട് കണ്ണിന് ഗുരുതര പരിക്കേറ്റ എട്ടാം ക്ലാസുകാരൻറെ കാഴ്ചശക്തി വീണ്ടെടുത്ത് ആസ്റ്റർ ഹോസ്പിറ്റൽ. ദുബൈയിലാണ് സംഭവം ഉണ്ടായത്. 13 വയസ്സുള്ള പ്രവാസി ഇന്ത്യൻ ബാലനാണ് പരിക്കേറ്റത്.
അപ്പാർട്ട്മെൻറിൻറെ പാർക്കിങ് സ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടിയുടെ ഇടത് കണ്ണിലാണ് പന്ത് ഇടിച്ചത്. കഠിനമായ വേദനയും കണ്ണ് ചുവക്കുകയും കാഴ്ച മങ്ങുന്ന പോലെ അനുഭവപ്പെടുകയും ചെയ്തതോടെ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഇതിന് ശേഷവും സ്ഥിതി മോശമായതോടെ മാതാപിതാക്കൾ കുട്ടിയെ ബർ ദുബൈയിലുള്ള ആസ്റ്റർ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടുത്തെ പരിശോധനകൾക്ക് ശേഷം കുട്ടിയെ മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടുത്തെ ഒഫ്താൽമോളജി സെപ്ഷ്യലിസ്റ്റായ ഡോ. ഗസാല ഹസൻ മൻസൂരിയുടെ വിദഗ്ധ പരിശോധനയിൽ ഇടതു കണ്ണിൻറെ റെറ്റിനയിൽ ചെറിയ വിള്ളലുണ്ടായിട്ടുണ്ടെന്നും റെറ്റിനയിൽ നിരവധി പൊട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.ഫണ്ടസ് ഫോട്ടോഗ്രഫി, ഒപ്റ്റിക്കൽ കൊഹിറൻസ് ടോമോഗ്രഫി എന്നീ പരിശോധനകൾ നടത്തിയതിലൂടെ കുട്ടിയുടെ റെറ്റിന സ്ഥാനം മാറാനുള്ള അപകടസാധ്യത കണ്ടെത്തി. അടിയന്തര സാഹചര്യം മനസ്സിലായതോടെ പെട്ടെന്ന് തന്നെ ലേസർ ചികിത്സ നടത്തി വിടവ് ഒട്ടിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. 15- 20 മിനിറ്റ് നീണ്ടു നിന്ന ലേസർ ചികിത്സക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുകയായിരുന്നു. ഇതേ ദിവസം തന്നെ കുട്ടി ഡിസ്ചാർജ് ആകുകയും ചെയ്തു. കുട്ടിക്ക് കൃത്യമായ തുടർ പരിശോധനകളും നടത്തി. കുട്ടിയുടെ കാഴ്ചശക്തി പൂർണമായും സാധാരണ നിലയിലായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)