
യുഎഇ ഇന്ത്യക്കാരുടെ വിസ അപേക്ഷകള്‍ കൂട്ടത്തോടെ നിരസിക്കുന്നു; കാരണം ഇതാണ്
ജോലി ആവശ്യത്തിനായാലും വിനോദ സഞ്ചാരത്തിനായാലും ഇന്ത്യക്കാർ ഏറ്റവും അധികം സന്ദർശിക്കുന്ന വിദേശ രാജ്യമാണ് യു എ ഇ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ എമിറേറ്റ്സുകളിലായി ജോലി ചെയ്യുന്നത്. അടുത്തിടെയായി ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ വിസ അപേക്ഷകള്‍ വലിയ തോതില്‍ നിരസിക്കപ്പെടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ടൂറിസ്റ്റ് വിസ അപേക്ഷകർക്കുള്ള നിബന്ധനകള്‍ യു എ ഇ അടുത്തിടെ കർശനമാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ അപേക്ഷകരുടെ വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിലേക്ക് നയിച്ചത്. ദുബായ് സന്ദർശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ ഹോട്ടല്‍ ബുക്കിംങ് വിശദാംശങ്ങളോടൊപ്പം റിട്ടേണ്‍ ടിക്കറ്റ് വിവരങ്ങളും സമർപ്പിക്കണമെന്നാണ് ഏറ്റവും പുതിയ നിർദേശം. ബന്ധുക്കള്‍ക്കൊപ്പം താമസിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വ്യക്തമാക്കുന്ന തെളിവുകളും ഹാജരാക്കണം.നേരത്തെയെല്ലാം ഇന്ത്യയില്‍ നിന്നും ദുബായിലേക്കുള്ള വിസ അപേക്ഷകളിൽ 99 ശതമാനത്തിനും അനുമതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും മികച്ച രീതിയില്‍ തയ്യാറാക്കുന്ന അപേക്ഷകള്‍ പോലും നിരസിക്കപ്പെടുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുന്‍പ് ഒന്ന് അല്ലെങ്കില്‍ രണ്ട് ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷ നിരസിക്കല്‍ നിരക്കെങ്കില്‍ നിലവില്‍ അത് അഞ്ച് മുതല്‍ ആറ് ശതമാനം വരെയായി ഉയർന്നു.ഹോട്ടല്‍ ബുക്കിങിനായും ഫ്ലൈറ്റ് ടിക്കറ്റിനായും വലിയ തോതില്‍ പണം ചിലവഴിച്ചതിന് ശേഷമാണ് അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് എന്നത് യാത്രക്കാർക്ക് സാമ്പത്തികമായി വലിയ തിരിച്ചടി നല്‍കുന്നു. വിസ നിരസിക്കപ്പെടുന്ന സാഹചര്യം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഇന്ത്യക്കാരുടെ സാന്നിധ്യം കുറയാനും ഇടയാക്കും. ഡിസംബർ എട്ട് മുതൽ 14 വരെയാണ് ഷോപ്പിംഗ് ഫെസ്‌റ്റിവൽ നടക്കുന്നത്. എല്ലാം തവണയും നിരവധി ഇന്ത്യക്കാരാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ലക്ഷ്യമിട്ട് വിദേശ സഞ്ചാരം നടത്താറുള്ളത്.
Comments (0)