
യുഎഇയില്‍ അടുത്തവര്‍ഷം വരാനിരിക്കുന്ന 10 മാറ്റങ്ങള്‍; അറിയേണ്ടതെല്ലാം
യുഎഇയില്‍ 2025 ല്‍ വരാനിരിക്കുന്നത് പത്ത് മാറ്റങ്ങള്‍. ഗതാഗതനിയമം, എയര്‍ ടാക്സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം, പ്ലാസ്റ്റിക് നിരോധനം, പുതിയ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍, പുതിയ സാലിക് ഗേറ്റുകള്‍, പുതുക്കിയ പാര്‍ക്കിങ് റേറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പത്ത് മാറ്റങ്ങളാണ് യുഎഇ അടുത്തവര്‍ഷം സാക്ഷ്യം വഹിക്കുക.
ഗതാഗതനിയമത്തിലെ മാറ്റം
യുഎഇയിലെ ഗതാഗതനിയമ പരിഷ്കരണം 2025 ല്‍ നടപ്പിലാകും. അടുത്തവർഷം മർച്ച് 29 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകും. ഇനി 17 വയസുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. നേരത്തേ 17 വയസും ആറുമാസവും പിന്നിട്ടവർക്ക് മാത്രമേ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ. മണിക്കൂറിൽ 80 കിമീൽ കൂടുതൽ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കെതിരെ ക്രിമിനൽ കേസ് ചുമത്തും. അപകടം ഒഴിവാക്കാനല്ലാതെ നഗരങ്ങളിൽ കാർ ഹോൺ മുഴക്കാൻ അനുവദിക്കില്ല. അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുക, മദ്യപിച്ച് വാഹനമോടിക്കുക എന്നിവയുൾപ്പെടെ ഒട്ടേറെ നിയമലംഘനങ്ങൾക്ക് രണ്ടുലക്ഷം ദിർഹംവരെ പിഴ ചുമത്തും. നിയുക്തപാതകളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നവർക്ക് നിലവിൽ 400 ദിർഹമാണ് പിഴ. മണിക്കൂറിൽ 80 കിമീ അതിൽ കൂടുതൽ വേഗപരിധിയോ ഉള്ള റോഡുകൾ മുറിച്ചുകടക്കുന്നതുവഴി അപകടമുണ്ടാക്കിയാൽ 5000 മുതൽ 10,000 ദിർഹംവരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കും. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് രണ്ടു ലക്ഷം ദിർഹംവരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള കർശന നടപടികളും സ്വീകരിക്കും.
എയർ ടാക്‌സികൾ
2025 ല്‍ യുഎഇയിലെ എമിറേറ്റുകളായ അബുദാബിയിലും ദുബായിലും എയര്‍ ടാക്സികള്‍ കാണാനാകും. ഈ വർഷം എയർ ടാക്‌സികൾക്കായുള്ള വെർട്ടിപോർട്ടുകൾ അവതരിപ്പിച്ചിരുന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) യു.എസ് ആസ്ഥാനമായുള്ള ഏവിയേഷൻ കമ്പനി ജോബി ഏവിയേഷനും തമ്മിലാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് മറീന, പാം ജുമൈര തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്ക് സമീപം നാല് വെർട്ടിപോർട്ട് സ്റ്റേഷനുകൾ ഉണ്ടാകും.
അൽ മക്തൂം പാലത്തിലെ അറ്റകുറ്റപ്പണികൾ 2025 ജനുവരി പകുതിയോടെ അവസാനിക്കും
അൽ മക്തൂം പാലത്തിലെ അറ്റകുറ്റപ്പണികൾ 2025 ജനുവരി പകുതിയോടെ അവസാനിക്കുന്നതോടെ ദുബായിലെ റോഡ് ഗതാഗതം കൂടുതൽ സുഗമമാകും. നിലവിൽ അൽ മക്തൂം പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദുബായ് ബസ് റൂട്ടുകൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
സ്മാര്‍ട് ട്രാവല്‍ സംവിധാനം
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ സംവിധാനം 2025ൽ കൂടുതൽ വിപുലമാക്കും. സ്മാർട്ട് ട്രാവൽ സംവിധാനം പൂർണമായും നടപ്പാക്കുന്നതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാനും എയർപോർട്ട് ലോഞ്ച് നടപടികൾ വേഗത്തിലാക്കാനും കഴിയും. കൂടാതെ, യാത്രക്കാരുടെ ബോർഡിങ് പാസോ പാസ്പോർട്ടോ പരിശോധനയ്ക്കായി നൽകാതെതന്നെ യാത്രാനടപടികൾ പൂർത്തിയാക്കാം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കും
ദുബായിൽ അടുത്തവർഷം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും നിരോധിക്കും. സ്റ്റൈറോഫോം കണ്ടെയ്‌നറുകൾ, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് സ്‌ട്രോകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റൈറോഫോം കപ്പുകൾ എന്നിവയെല്ലാം നിരോധിക്കും. ഈ വർഷം ജൂൺ മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ബാഗുകൾ നിരോധിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ നോല്‍ കാര്‍ഡ് സംവിധാനം
അടുത്തവർഷം ദുബായിൽ ഡിജിറ്റൽ നോൽ കാർഡ് സംവിധാനം കൂടുതൽ വിപുലമാക്കും. നിലവിൽ സാംസങ്, വാവേ മൊബൈൽ ഫോണുകളിൽ മാത്രമാണ് ഡിജിറ്റൽ നോൽ കാർഡ് ലഭിച്ചുവരുന്നത്. അടുത്തവർഷം മുതൽ ഇത് എല്ലാ മൊബൈൽ ഫോണുകളിലും ലഭ്യമാകും. ദുബായ് മെട്രോ, ബസ് സ്ഥിരം ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടും. ആവശ്യമെങ്കിൽ ഗ്രോസറികളിലും നോൽ കാർഡ് ഉപയോഗിക്കാം.
പലചരക്ക് ഷോപ്പിങ് എളുപ്പമാകും
പലചരക്ക് ഷോപ്പിങ് അടുത്ത വർഷം പകുതിയോടെ വളരെ എളുപ്പമാകും. വാങ്ങുന്ന സാധനങ്ങൾ പോഷക ആവശ്യങ്ങൾക്ക് അനുയോജ്യമാണോയെന്ന് കണ്ടെത്താൻ ലേബലിൽ നൽകിയ എല്ലാ ചേരുവകളും വായിക്കേണ്ടതില്ല. അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവ സഹകരിച്ച് നടപ്പിലാക്കുന്ന ഉത്‌പന്നത്തിന്‍റെ പോഷകമൂല്യത്തെ ഗ്രേഡ് ചെയ്യുന്ന ലേബൽ, ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ സഹായിക്കും. അടുത്ത വർഷം പകുതിയോടെ പദ്ധതി ആദ്യം അബുദാബിയിലും പിന്നീട് യുഎഇയിലുടനീളവും വ്യാപിപ്പിക്കും.
സൗജന്യ വൈഫൈ
ദുബായിലെ നിലവില്‍ നാല് പ്രധാന ബസ് സ്റ്റേഷനുകളിലാണ് വൈ ഫൈ സൗജന്യമായുള്ളത്. അടുത്ത വർഷത്തോടെ കൂടുതൽ സ്റ്റേഷനുകളിലേക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യാപിപ്പിക്കും.
അൽ ഖൈൽ റോഡ് വികസന പദ്ധതി
അഞ്ച് പാലങ്ങളുടെ നിർമാണവും ഏഴ് മേഖലകളിലെ പാതകളുടെ വിപുലീകരണവും ഉൾപ്പെടുന്ന അൽ ഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ പുതിയ സാലിക് ഗേറ്റുകളും അടുത്ത വർഷമൊരുങ്ങും. 2025 ഫെബ്രുവരി മുതൽ നടപ്പിലാകും. കൂടാതെ, അടുത്ത വർഷം മാർച്ച് മുതൽ പാർക്കിങ് സ്ഥലങ്ങളിലെ സ്റ്റാൻഡേഡ്, പ്രീമിയം, ഗ്രാൻഡ് ഇവന്‍റ് പാർക്കിങ് എന്നിവയ്ക്ക് വ്യത്യസ്ത ചാർജുകൾ ഈടാക്കി തുടങ്ങും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)