കണ്ണീരണിഞ്ഞ് വയനാട്, കണ്ണീർപ്പുഴയായ് ചാലിയാർ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്തേടി തിരച്ചിൽ നാലാം ദിവസം
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 297 ആയി. മുണ്ടക്കൈയിലും , ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും . ആർമി സംഘം മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുകയാണ്. കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും , പുഴയൊഴുകുന്ന ഉൾവനത്തിലും , സ്റ്റേഷൻ പരിധികളിലും തിരച്ചിൽ നടക്കും. ബെയ്ലി പാലം തുറന്നതോടെ ദൌത്യം കൂടൂതൽ വേഗത്തിലാകും. റഡാർ സംവിധാനവും,ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും. ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല-ആറൻമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ സോൺ രണ്ടും പുഞ്ചിരിമട്ടം സോൺ മൂന്നുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാം സോൺ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെർമൽ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കൊച്ചിയിലെ ഏജൻസിയാണ് പരിശോധന നടത്തിയത്. ഇതുവരെ 147 മൃതദേഹങ്ങൾ ആണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. അപകടസ്ഥലത്ത് നിന്ന് 40 കിലോമീറ്റർ വരെ മനുഷ്യശരീരങ്ങൾ പുഴയിലൂടെ ഒഴുകി.മൂന്ന് ദിവസത്തെ തിരച്ചിലിൽ ചാലിയാറിൽ നിന്ന് 58 മൃതദേഹങ്ങളും 89 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 32 പുരുഷന്മാർ ,23 സ്ത്രീകൾ ,2 ആൺകുട്ടികൾ ,1 പെൺകുട്ടി എന്നിങ്ങനെയാണ് 58 ശരീരങ്ങൾ.146 മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വയനാട്ടിലേക്ക് കൊണ്ട് പോയി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)